തിരുവനന്തപുരം: ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തിലാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 11 ന് പ്രതി പ്രിയരഞ്ജനെ കളിയിക്കാവിളയിൽ നിന്നും അറസ്റ്റ് ചെയ്തു. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാമെന്ന് ഡി.വൈ.എസ്.പി കമീഷനെ അറിയിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷൻ നിർദ്ദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.