തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്.
രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ. കടവന്ത്ര പൊലീസിൽ സെപ്റ്റംബർ 26നു രജിസ്റ്റർ ചെയ്ത മിസ്സിങ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്.
അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിങ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്. സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്.
ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.