അഭിമുഖം വളച്ചൊടിച്ചു; ഐ.എസ് റിക്രൂട്ട്മെന്റ് പറഞ്ഞിട്ടില്ല -പി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഇപ്പോൾ ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മുമ്പ് വിരലിലെണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞതെന്നും അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നതായും സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ.

തിരുവോണദിവസം ഒരു പ്രാദേശിക ചാനൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ച് ചർച്ചക്ക് തുടക്കം കുറിച്ചത് സംഘ്പരിവാർ പ്രസിദ്ധീകരണങ്ങളാണ്. കാര്യമറിയാതെ ദീപിക മുഖപ്രസംഗം എഴുതിയതായും ക്രിസ്തീയ ജനവിഭാഗങ്ങളിൽ അതേവരെ ഇല്ലാത്ത ഇതരമത വിരോധം പരത്തുന്ന 'കാസ'യുടെ വാദങ്ങൾ ഏറ്റുപിടിക്കാതിരിക്കാൻ ദീപിക ശ്രമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘കേരളം : മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം’ എന്ന എന്റെ ഒക്ടോബറിൽ പ്രകാശനം ചെയ്യാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം സംബന്ധിച്ചാണ് ദീപികയുടെയും അഭിപ്രായപ്രകടനം. വിശദമായ ചർച്ച പുസ്തക പ്രകാശനത്തിന് ശേഷമാവാം. രാഷ്ട്രീയ ഇസ്‌ലാമിനെ സി.പി.എം എല്ലായ്പ്പോഴും അകറ്റി നിർത്തിയിട്ടുണ്ട്.

ഹിന്ദുത്വ വർഗീയത ആണ് രാജ്യത്തിലെ ജനാധിപത്യ വ്യവസ്ഥക്ക് ഏറ്റവും അപകടകരം എന്നാണ് സി.പി.എം കരുതുന്നത്. അതേസമയം ആ വർഗീയതയെ ശക്തമായി എതിർക്കുമ്പോൾ തന്നെ ന്യൂനപക്ഷ വർഗീയ നീക്കങ്ങളെയും പാർട്ടി ശക്തമായി എതിർത്തു പോന്നിട്ടുണ്ട്. ഉദാഹരണത്തിന് തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മുസ്‌ലിം പള്ളിയായി പരിവർത്തിച്ചപ്പോൾ അതിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച മുസ്‌ലിം ലീഗിനെ ശക്തമായി എതിർത്തത് സി.പി.എം ആണ്. ചുരുക്കം വരുന്ന വഖഫ് ബോർഡ്‌ നിയമന പ്രശ്‌നത്തിൽ മുസ്‌ലിം പള്ളികൾക്കകത്ത് സർക്കാർ വിരുദ്ധ രാഷ്ട്രീയ പ്രസംഗം നടത്താൻ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടുവന്നപ്പോൾ ഇത് മതവികാരം ഇളക്കിവിട്ടു നടത്തുന്ന വർഗീയ പ്രവർത്തനമാണെന്ന് തുറന്ന് കാട്ടിയതും പാർട്ടിയും എൽഡിഫ് സർക്കാരുമാണ്.

'ആഗോള സമാധാനത്തിന്റെ യഥാർഥ ഭീഷണി ഇസ്ലാമിക തീവ്രവാദമാണ്' എന്ന മുഖപ്രസംഗത്തിലെ വാചകത്തോട് ശക്തമായ വിയോജിപ്പുണ്ട്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാടു കാണാതിരിക്കലാണ്. ലോക പൊലീസ് ചമഞ്ഞു യുദ്ധങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കുന്ന അമേരിക്കൻ സാമ്രാജ്യത്തമാണ് ലോക സമാധാനത്തിന്‍റെ ഏറ്റവും വലിയ ശത്രു. മുഖപ്രസംഗത്തിൽ ദീപിക പറയുന്നു 'ഫലസ്തീനിൽ വീട് നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ച് മാധ്യമങ്ങൾ പറയുന്നതുകൊണ്ട് നമുക്കവരോട് സഹതാപമുണ്ട്'. ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികൾ ഇസ്രയേലിന്‍റെ വംശഹത്യക്കെതിരായി പ്രതികരിക്കുമ്പോൾ ദീപികക്ക് മാധ്യമങ്ങൾ പറയുന്നതുകൊണ്ടുള്ള സഹതാപം മാത്രമേ ഉള്ളൂ എന്നത് അതിശയകരമാണ്. 82 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയാണ് ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് കൊടുത്തതും അനുകൂല വിധി സമ്പാദിച്ചതും.

ഇതൊന്നും പത്രം അറിഞ്ഞ മട്ടില്ലെന്ന് തോന്നുന്നു. അവർ ചോദിക്കുന്നത് അസർബയ്ജാനിലെ ക്രിസ്ത്യൻ ജനവിഭാഗത്തിനെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്നാണ്. ലോകത്ത് ഇസ്ലാമിസ്റ്റുകൾ നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഞാനും കാണാതിരിക്കുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The interview was twisted; IS recruitment not mentioned -P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.