നവകേരള സദസ്സിന്​ പണം ചെലവഴിക്കൽ തദ്ദേശസ്ഥാപനങ്ങളു​ടെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

തൃശൂർ: സർക്കാറും തദ്ദേശസ്ഥാപനങ്ങളും ചേർന്ന്​ നടത്തുന്ന ഔദ്യോഗിക പരിപാടിയായ നവകേരള സദസ്സിന്‍റെ നടത്തിപ്പിന്​ പണം ചെലവഴിക്കുകയെന്നത്​ തദ്ദേശസ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഇതിന്​ സർക്കാർ അനുമതി നൽകുകയും പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്​. തദ്ദേശസ്ഥാപനങ്ങൾ ഒരു ചെറിയ വിഹിതം നൽകുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷത്തിന്‍റെ ദുഷ്​പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം പണം നൽകാൻ തീരുമാനിച്ച ഒരു നഗരസഭ അതിനെതിരെ കോടതിയിൽ പോകുന്ന സാഹചര്യമുണ്ടായത് പ്രതിപക്ഷ നേതാവിന്‍റെ പ്രേരണ മൂലമെന്നാണ് മനസ്സിലാക്കുന്നത്. നവകേരള സദസ്സിന്​ തദ്ദേശസ്ഥാപനങ്ങളിൽനിന്ന്​ പിരിവെന്നാണ്​ പ്രചാരണം. നിരവധി യു.ഡി.എഫ് എം.എൽ.എമാർ വിവിധ പരിപാടികൾക്ക്​ തദ്ദേശസ്ഥാപനങ്ങളുടെ തുക ഉപയോഗിക്കാൻ അനുമതി തേടി സർക്കാറിനെ സമീപിച്ചിട്ടുണ്ട്. പലതിനും അനുമതി നൽകി.

തദ്ദേശസ്ഥാപനങ്ങൾക്ക് രാജ്യത്ത്​ ഏറ്റവുമധികം ശതമാനം തുക നൽകുന്നത്​ കേരളമാണെന്ന്​ കണക്ക്​ നിരത്തി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഫണ്ട്​ നൽകുന്നില്ലെന്ന്​ ആരോപിക്കുന്ന യു.ഡി.എഫ്, തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ധനകമീഷൻ ഫണ്ട് കേരളത്തിന്​ കൃത്യമായി കിട്ടാത്തതിനെക്കുറിച്ച്​ മിണ്ടുന്നില്ല. ധനകമീഷൻ ശിപാർശ ചെയ്തത് തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാണ്.

നഗര- തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ‘മില്യൺ പ്ലസ് സിറ്റീസ്’ ഇനത്തിൽ 51.55 കോടി രൂപയും ആരോഗ്യ ഗ്രാന്‍റ്​ ഇനത്തിൽ 137. 16 കോടിയും എട്ട്​ മാസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ല. 2023-24 ൽ ഗ്രാമീണമേഖലയിൽ 1260 കോടിയും നഗരമേഖലയിൽ മില്യൺ പ്ലസ് സിറ്റീസിന് 281 കോടിയും നോൺ മില്യൺ പ്ലസ് സിറ്റീസിന് 368 കോടിയും ചേർന്ന് ആകെ 1909 കോടി രൂപ ലഭിക്കണം. ഇതിൽ ഒന്നാം ഗഡുവായി 814 കോടി രൂപ ഈ വർഷമാദ്യം ലഭിക്കേണ്ടതാണ്. അത് തന്നില്ല.

നിരന്തര സമ്മർദത്തിനൊടുവിൽ ഗ്രാമീണ മേഖലയിലേക്ക്​ 252 കോടി രൂപ മാത്രമാണ് നവംബർ 20ന് അനുവദിച്ചത്. എൽ.ഡി.എഫ് സർക്കാർ തദ്ദേശസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുന്നെന്ന്​ ആക്ഷേപിക്കുന്ന പ്രതിപക്ഷമാണ് 14 ജില്ല കൗൺസിലുകൾ ഒറ്റയടിക്ക് പിരിച്ചുവിട്ട് അധികാരവികേന്ദ്രീകരണത്തിന്‍റെ കഴുത്തിൽ കത്തിവെച്ചതെന്നും തൃശൂർ ജില്ലയിൽ നവകേരള സദസ്സിന്‍റെ ആദ്യദിനമായ മുളങ്കുന്നത്തുകാവ്​ കിലയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - The Kerala CM said that it is the responsibility of the local bodies to spend money on the Nava Kerala Sadas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.