കോട്ടയം: കോട്ടയം ലോക്സഭ സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി ബന്ധത്തിന് കോട്ടമുണ്ടാകാതിരിക്കാൻ കോട്ടയം ജോസഫ് വിഭാഗത്തിന് നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിനും താൽപര്യം. രാഷ്ട്രീയത്തിലേക്കില്ലെന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിൽ വ്യക്തമാക്കിയ അച്ചു ഉമ്മന്റെ പേര് ഉയർന്നുവരുന്നതിന് പിന്നിൽ ആരുടെ തന്ത്രമാണെന്ന സംശയവും കോൺഗ്രസിലും യു.ഡി.എഫിലുമുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം വെട്ടിപ്പോയ ചെയർമാൻ പി.ജെ. ജോസഫിന്റെ പേരാണ് പാർട്ടിക്ക് മുന്നിൽ സ്ഥാനാർഥിയായുള്ളത്. പാർട്ടിക്കുള്ളിൽ സ്ഥാനാർഥിത്വ മോഹികളുടെ എണ്ണം വർധിച്ചതും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പക്കലുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ജോസഫിനെപ്പോലെ ശക്തനായ സ്ഥാനാർഥി വേണമെന്നുമുള്ള വിലയിരുത്തലിലാണ് പാർട്ടിയും മുന്നണിയും. കോട്ടയം സീറ്റിൽ ജോസഫ് വിഭാഗം തന്നെ ഇറങ്ങട്ടെയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും താൽപര്യം. സാമുദായിക സമവാക്യങ്ങൾകൂടി പരിഗണിച്ച് ശക്തനായ സ്ഥാനാർഥി മത്സരരംഗത്തെത്തിയാൽ മാണി ഗ്രൂപ്പിന്റെ സിറ്റിങ് എം.പി തോമസ് ചാഴികാടനിൽനിന്ന് മണ്ഡലം പിടിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫിൽ പുതിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അത് കോട്ടയത്ത് ഗുണം ചെയ്യുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാർട്ടി ചെയർമാനായ പി.ജെ. ജോസഫോ മോൻസ് ജോസഫോ മത്സരിച്ചാലേ വിജയിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ. കടുത്തുരുത്തി എം.എൽ.എയായ മോൻസിന് നിയമസഭ വിട്ട് ലോക്സഭയിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് വിവരം.
പി.ജെ. ജോസഫ് മത്സരരംഗത്തിറങ്ങിയാൽ നേരത്തേ കേട്ട പേരുകളായ ഫ്രാൻസിസ് ജോർജ്, പി.സി. തോമസ് എന്നിവർ വെട്ടിപ്പോകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് പി.ജെ. ജോസഫ് മത്സരിക്കുന്നത് കെ.എം. മാണി ഉൾപ്പെടെ സമ്മതിച്ചിരുന്നെങ്കിലും അവസാനം തോമസ് ചാഴികാടൻ സ്ഥാനാർഥിയായതാണ് കേരള കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ചത്.
തോമസ് ചാഴികാടനെ വീണ്ടും മത്സരിപ്പിക്കാൻ മാണി വിഭാഗം ഏറക്കുറെ തീരുമാനിച്ചുകഴിഞ്ഞു. ഏറ്റവുമധികം എം.പി ഫണ്ട് ചെലവഴിച്ചെന്ന നിലയിൽ തോമസ് ചാഴികാടന്റെ ഫ്ലക്സുകൾ മണ്ഡലത്തിലെല്ലാം സ്ഥാപിച്ച് മാണിവിഭാഗം ‘പ്രചാരണ’വും ആരംഭിച്ചിട്ടുണ്ട്. കോട്ടയത്തിനുപുറമെ പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങൾ കൂടി എൽ.ഡി.എഫിനോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് കേരള കോൺഗ്രസ് മാണി വിഭാഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.