അപകടമുണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി ബസ് നിർത്താതെ പോയി: ആർ.ടി.ഒക്ക് വിദ്യാർഥികൾ പരാതി നൽകി

ചെറുതോണി: കെ.എസ്.ആര്‍.ടി.സി ബസ് സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിട്ടും നിർത്താതെ പോയ ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആർ.ടി.ഒക്ക് പരാതി. പരിക്കേറ്റ ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇടുക്കി ആര്‍.ടി.ഒ ആര്‍. രമണന് പരാതി നല്‍കിയത്.

മുരിക്കാശ്ശേരിയില്‍ വ്യാപാരിയായ വാടക്കയില്‍ രഞ്ജിത്തിന്‍റെ മക്കളായ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് പരാതിക്കാർ. കഴിഞ്ഞ 29ന് വൈകീട്ട് ആറോടെയാണ് അപകടം. രാജമുടി ഡിപോള്‍ സ്കൂളിലെ വിദ്യാർഥിനികളാണ് ഇരുവരും.കുട്ടികളുടെ അമ്മ സീന ട്യൂഷന്‍ സെന്‍റര്‍ നടത്തുകയാണ്. 29ന് ക്ലാസ് കഴിഞ്ഞ് കുട്ടികളുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മുരിക്കാശ്ശേരിയില്‍വെച്ചാണ് അപകടം.

വീഴ്ചയില്‍ രണ്ട് കുട്ടിക്കും അമ്മക്കും പരിക്കുപറ്റി. അപകടശേഷം ബസ് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. നാട്ടുകാർ കുട്ടികളെയും അമ്മയെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബസ് തടഞ്ഞ് അപകടവിവരം പറഞ്ഞെങ്കിലും തങ്ങള്‍ക്കറിയില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ ഓടിച്ചുപോവുകയായിരുന്നു. കുട്ടികളും അമ്മയും ഇപ്പോഴും ചികിത്സയിലാണ്.

സംഭവശേഷം മുരിക്കാശ്ശേരി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവറെ വിളിച്ചുവരുത്തി അന്വേഷിച്ചെങ്കിലും യൂനിയന്‍ പ്രവര്‍ത്തകരുമായി സ്റ്റേഷനിലെത്തി സംഭവം കണ്ടില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. സംഭവത്തിന്‍റെ ആഘാതത്തിൽ സ്കൂളില്‍ നടന്ന ഓണപ്പരീക്ഷയിലും ഓണാഘോഷങ്ങളിലും കുട്ടികള്‍ പങ്കെടുത്തില്ല.

കുട്ടികളില്‍നിന്ന് മൊഴിയെടുത്ത ആര്‍.ടി.ഒ കെ.എസ്.ആര്‍.ടി.സിയുടെ കട്ടപ്പന എ.ടി.ഒക്ക് വിവിരം കൈമാറുകയും ഡ്രൈവറോട് ചൊവ്വാഴ്ച ഇടുക്കിയില്‍ ഹാജരാകാനും നിർദേശിച്ചു. ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു.

Tags:    
News Summary - The KSRTC bus that caused the accident did not stop: Students complained to the RTO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.