തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേൽ ആട്ടിൻതോലിട്ട വർഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഡ്മിനിസ്ട്രേറ്റർ കാണിക്കുന്നത് തോന്നിവാസമാണ്. ദ്വീപിൽ നിന്ന് അഡ്മിസ്ട്രേറ്ററെ ഒാടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സർക്കാർ തകർക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സംഘ്പരിവാർ അജണ്ടകൾക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് രാഷ്ട്രീയ കേരളം ഒത്തുചേരുന്നത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളും ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ, അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്.
ലക്ഷദ്വീപിൽ നിന്ന് വരുന്നത് ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപ് നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകൾ പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ് ബി.ജെ.പി നേതാക്കൾ സ്വീകരിച്ചത്. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്‍റെ പ്രതികരണം. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.
സംഘ്പരിവാർ കേന്ദ്രങ്ങൾ ദ്വീപ് നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന് കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാച പ്രചാരണങ്ങളും നടത്തുന്നുണ്ട്. ദ്വീപിലെ ബീഫ് നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നൽകാൻ ബി.ജെ.പിക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.