കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മൂന്നാം സീറ്റിനുവേണ്ടി മുന്നണിയിൽ ശക്തമായ ആവശ്യമുന്നയിക്കുമെങ്കിലും നിർബന്ധംപിടിക്കില്ല. അതേസമയം, വിവിധ കാരണങ്ങൾ വിലയിരുത്തി മൂന്നാം സീറ്റ് ത്യജിച്ചാൽ പകരം നേരത്തേ കൈവശംവെച്ചിരുന്ന രാജ്യസഭ സീറ്റ് ആവശ്യപ്പെടും.
അധിക സീറ്റ് ലഭിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ചോദിക്കാൻ ലീഗിന് അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞുകഴിഞ്ഞു. ഈ ചർച്ച ഇതുപോലെ യു.ഡി.എഫ് യോഗത്തിലും തുടർന്നശേഷം നിലവിലെ സ്ഥിതി തുടരാൻ ലീഗ് നേതൃത്വം തീരുമാനിക്കുമെന്നാണ് വിലയിരുത്തൽ.
അധിക സീറ്റ് ലഭിച്ചാൽ പാർട്ടിക്ക് മത്സരസാധ്യതയുള്ളത് കോഴിക്കോട്, വടകര, വയനാട് സീറ്റുകളാണ്. എന്നാൽ, ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ ലഭിക്കുന്ന വോട്ടുകൾ ലീഗ് സ്ഥാനാർഥിക്ക് ലഭിക്കണമെന്നില്ല. ഒരു അധിക സീറ്റുകൂടി ലീഗ് നേടിയെടുത്താൽ അത് മറ്റു ചില മണ്ഡലങ്ങളിലെ യു.ഡി.എഫ് വിജയസാധ്യതകൾക്ക് മങ്ങലേൽപിക്കുമെന്ന വിലയിരുത്തലുമുണ്ട്.
ഈ രണ്ടു കാരണങ്ങളാൽ, ആവശ്യമുന്നയിച്ച് പിൻവാങ്ങുന്ന മുൻ സമീപനംതന്നെയാകും ലീഗ് നേതൃത്വം കൈക്കൊള്ളുക. എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി അർഹതപ്പെട്ട അധിക രാജ്യസഭ സീറ്റ് ലഭിക്കുന്ന കാര്യത്തിൽ സമ്മർദം ശക്തമാക്കും.
നിലവിൽ ലീഗിന്റെ മണ്ഡലങ്ങളായ മലപ്പുറത്തും പൊന്നാനിയിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. കൺവെൻഷനുകൾ ചേർന്നു. ‘ഇന്ത്യ ജയിക്കാൻ ഒന്നിച്ചിരിക്കാം’ എന്ന തലക്കെട്ടിൽ 100 കേന്ദ്രങ്ങളിൽ നടത്തുന്ന കാമ്പയിനാണ് മറ്റൊരു പ്രവർത്തനം. പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസ്സമദ് സമദാനിയും ഒരുവട്ടംകൂടി മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുടെ തീരുമാനമാണ് നിർണായകം.
സ്വന്തം തട്ടകമായ മലപ്പുറം മണ്ഡലത്തിലേക്ക് കൂടുമാറണമെന്നത് ഇ.ടിയുടെ ആഗ്രഹമാണ്. എന്നാൽ, പാർട്ടിയുടെ വിജയസാധ്യത ചൂണ്ടിക്കാട്ടി അവസാന നിമിഷം പൊന്നാനിയിൽതന്നെ നറുക്കുവീണതാണ് കഴിഞ്ഞകാല അനുഭവം.
നിലവിൽ മൂന്നു തവണയായി ഇ.ടി പൊന്നാനിയെ പ്രതിനിധാനംചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങൾകൂടി കണക്കിലെടുത്ത് ഇ.ടിയെ രാജ്യസഭയിലേക്ക് അയക്കണമെന്ന അഭിപ്രായവുമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാൻ എം.പി സ്ഥാനം രാജിവെച്ചതിനെതുടർന്നാണ് അബ്ദുസ്സമദ് സമദാനിക്ക് മലപ്പുറത്ത് നറുക്കുവീണത്. രണ്ടര വർഷം മാത്രം പൂർത്തിയാക്കിയ തനിക്ക് ഒരു തവണകൂടി മലപ്പുറത്ത് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അതിനിടെ, യുവനേതാക്കളെ പാർലമെന്റിലേക്ക് അയക്കണമെന്ന ആവശ്യവും പാർട്ടിയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന ശക്തമായ തീരുമാനം സാദിഖലി തങ്ങളുടേതായിരുന്നു. ഇത് ലോക്സഭയിലേക്കും പ്രാവർത്തികമാക്കിയാൽ ഇ.ടിയും സമദാനിയും മാറിനിൽക്കേണ്ടിവരും. എന്നാൽ, അത്തരമൊരു നീക്കമുണ്ടായാൽ അത് നിയമസഭയിലും പ്രതിഫലിക്കുമെന്ന ആശങ്ക ലീഗിലെ മുതിർന്ന നേതാക്കൾക്കുണ്ട്.
സി.പി.എമ്മും കോൺഗ്രസും ഉൾപ്പെടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ യുവാക്കളോട് പുറംതിരിഞ്ഞുനിൽക്കുന്നത് പാർട്ടിയുടെ ശക്തി ക്ഷയിപ്പിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ സാദിഖലി തങ്ങൾ എന്തു തീരുമാനമെടുക്കുമെന്നതാണ് പ്രധാനം. അത്തരം നീക്കം ചെറുക്കാനായി ഇ.ടിയെയും സമദാനിയെയും വീണ്ടും മത്സരിപ്പിക്കാനുള്ള കരുനീക്കങ്ങൾക്ക് മുതിർന്ന നേതാക്കൾ തുടക്കമിട്ടതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.