കൊച്ചി: വായ്പ തിരിച്ചടച്ചടക്കാത്തതിനാൽ കോളജ് പൂട്ടി സീൽ വെക്കാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി. പഠിക്കുന്ന കോളേജ് നേരിടുന്ന ജപ്തി ഭീഷണി കാരണം ആശങ്കയൊഴിയാതെ വിദ്യാർഥികൾ. പറവൂർ ഗുരുദേവ ട്രസ്റ്റിന് കീഴിലുള്ള വടക്കൻ പറവൂരിലെ മാഞ്ഞാലിയിലുള്ള എസ്.എൻ ട്രസ്റ്റ് കോളേജിലാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടികൾക്കായി എത്തിയത്.
വായ്പാ തിരിച്ചടവ് മുടങ്ങിയപ്പോഴാണ് കോടതി ഉത്തരവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥർ രണ്ടാമതും ജപ്തി നടപടികൾക്കായി എത്തിയത്.ജപ്തി ചെയ്യാൻ എത്തിയവർക്കൊപ്പം വൻ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. ഇതോടെ നാടകീയ രംഗങ്ങളാണ് കോളജിലുണ്ടായത്.
പഠനം മുടങ്ങുമോയെന്ന ആധിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നു. കോളജ് കവാടം പൂട്ടി പ്രതിഷേധക്കാർ പ്രതിരോധം തീർത്തു. പൊലീസ് കർശന നിലപാടെടുത്തതിന് പിന്നാലെ സംഘർഷം ഒഴിവാക്കാൻ പ്രതിഷേധക്കാർ ഗേറ്റ് തുറന്നു.
ബാങ്കുദ്യോഗസ്ഥർ ഓഫീസ് റൂമും കോളജ് മാനേജരുടെയും ചെയർമാന്റേയും മുറികളും പൂട്ടി സീൽ വെച്ചു. ക്ലാസ് മുറികളും പൂട്ടാൻ തുടങ്ങിയതോടെ കോളജ് അധികൃതരെത്തി. പണം അടക്കാമെന്ന് ഉറപ്പു നൽകി. പിന്നാലെ പൂട്ട് തുറന്നു കൊടുത്ത് ബാങ്കുദ്യോഗസ്ഥർ മടങ്ങി.
2014ലാണ് കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്ന് കോളജ് നാല് കോടി രൂപ വായ്പയെടുത്തത്. തുടക്കത്തിൽ പലിശയടവ് കൃത്യമായിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങി. ഇപ്പോൾ പലിശയുൾപ്പെടെ അടക്കാനുള്ളത് 19 കോടിയോളം രൂപയാണ്. ഈ മാസം 30നകം ഒരു കോടിയും വർഷാവസാനത്തോടെ രണ്ട് കോടിയും നൽകാമെന്ന് കോളജ് ബാങ്കിന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.