ചെങ്ങന്നൂർ: സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ വീടുകൾ കയറി വിശദീകരിക്കാനെത്തിയ സി.പി.എം നേതാക്കളെ നാട്ടുകാർ മടക്കി. ലൈൻ കടന്നുപോകുന്നതിനോട് യോജിപ്പുള്ളയാളല്ല താനെന്ന് ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞതും വിവാദമായി.
വെണ്‍മണി പഞ്ചായത്ത് ഒമ്പതാം വാർഡ് പുന്തലയില്‍ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവർ എത്തിയപ്പോഴാണ് ശകാരവര്‍ഷവുമായി പ്രദേശവാസികൾ നേരിട്ടത്. വെൺമണി പഞ്ചായത്ത് പ്രസിഡന്‍റ് കവിത, വൈസ് പ്രസിഡന്‍റ് രമേശ് കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത, മുൻ പഞ്ചായത്ത് അംഗം രാജേഷ് കുമാർ, ലോക്കൽ സെക്രട്ടറി രതീഷ് കുമാർ, മുൻ ഏരിയ അംഗം ഗോപിനാഥ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഇവര്‍ നേതാക്കളോട് തീർത്തുപറഞ്ഞു. അത്രക്ക് നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതിത്തരൂ, അപ്പോള്‍ വീടുവിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു. ലഘുലേഖകള്‍ വാങ്ങാനും തയാറായില്ല.
സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണെന്ന് പറഞ്ഞ് നേതാക്കള്‍ തടിതപ്പി. ഇതിനിടെ, നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ വീടുകൾ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻകടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താനെന്നായിരുന്നു ലോക്കൽകമ്മിറ്റി അംഗം പറഞ്ഞത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്.
സിൽവർലൈൻ വന്നാൽ വെൺമണി പഞ്ചായത്തിലെ 67 വീടുകൾ പൂർണമായും 47 വീടുകൾ ഭാഗികമായും നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.