തിരുവനന്തപുരം: കെ.ടി. ജലീലിെൻറ രാജിയിലേക്ക് നയിച്ചത് ലോകായുക്തയുടെ പഴുതടച്ച നിർണായകമായ വിധി. ഒരു വ്യക്തി മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും അയാളെ പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് നിർദേശിച്ച അപൂർവമായ വിധിയാണ് ലോകായുക്തയിൽ നിന്നുണ്ടായത്. കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന നിരീക്ഷണമാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി നടത്തിയത്.
ഇൗ വിധിയും ലോകായുക്തയുടെ കണ്ടെത്തലും തെളിവുകളും അടങ്ങിയ റിപ്പോർട്ട് ലോകായുക്ത രജിസ്ട്രാർ മുഖ്യമന്ത്രി പിണറായി വിജയെൻറ ഒാഫിസിന് തിങ്കളാഴ്ച കൈമാറിയിരുന്നു. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി മൂന്നു മാസത്തിനുള്ളിൽ നടപടി അറിയിക്കണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ പദവിയിലേക്ക് മുൻസർക്കാർ നിശ്ചയിച്ച യോഗ്യത ബന്ധുവായ അദീബിനുവേണ്ടി മാറ്റാൻ ന്യൂനപക്ഷ സെക്രട്ടറിക്ക് ജലീൽ എഴുതിയ കത്താണ് പ്രധാന തെളിവായത്. നിയമനം വിവാദമായതോടെ അദീബ് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡെപ്യൂേട്ടഷനിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചത്.
ഇൗ പദവിയിലേക്ക് അദീബ് ഉൾപ്പെടെ ഏഴ് അപേക്ഷകർ ഉണ്ടായിരുന്നെങ്കിലും 2016 ഒക്ടോബർ 26ന് നടന്ന ഇൻറർവ്യൂവിൽ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയുമായിരുന്നു യോഗ്യത. നിയമന വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസവും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള അദീബായിരുന്നു അപേക്ഷകരിൽ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയിൽ മന്ത്രി നൽകിയ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയായിരുന്നു ലോകായുക്ത നടപടി. അദീബിെൻറ നിയമനത്തിനായി യോഗ്യത മാറ്റാനുള്ള നിർദേശത്തിൽ മുഖ്യമന്ത്രിയും ഒപ്പുവെച്ചെന്ന വിവരങ്ങളും പുറത്തുണ്ട്. അതിനാൽ മുഖ്യമന്ത്രിയും രാജിെവക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.