വിദ്യ വ്യാജരേഖ ചമച്ചതിൽ മഹാരാജാസിലെ ആർക്കും പങ്കില്ലെന്ന് കോളജ് ഗവേണിങ് കൗൺസിൽ

എറണാകുളം: എസ്.എഫ്.ഐ നേതാവ് കെ. വിദ്യ വ്യാജരേഖ ചമച്ചതിൽ മഹാരാജാസ് കോളജിലെ ആർക്കും പങ്കില്ലെന്ന് ഗവേണിങ് കൗൺസിൽ. പ്രാഥമിക പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്ന് കൗൺസിൽ ചെയർമാൻ ഡോ. എം രമാകാന്തൻ പറഞ്ഞു.

പരാതി വിശദമായി പരിശോധിക്കാൻ കോളജ് ഗവേണിങ് കൗൺസിൽ യോഗം ഇന്ന് ചേരുകയാണ്. പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെ. വിദ്യക്കെതിരായ സർട്ടിഫിക്കറ്റ് വിവാദവും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമാണ് ഗവേണിങ് കൗൺസിൽ പരിശോധിക്കുക.

വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റിൽ മഹാരാജാസ് കോളജിന്‍റെ ലോഗോയും സീലും ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് ഗവേണിങ് കൗൺസിൽ പരിശോധിക്കുക. മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ പാസ്സായതായാണ് രേഖപ്പെടുത്തിയതും കൗൺസിൽ പരിശോധിക്കും.

അതേസമയം, കെ.എസ്.യു പ്രവർത്തകക്കെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ ആരോപണം തെറ്റെന്ന് മഹാരാജാസ് കോളജ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രവർത്തകയുടെ പുനർമൂല്യ നിർണയത്തിൽ ആർക്കിയോളജി ഡിപാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാർ ഇടപെട്ടെന്ന പരാതിയിൽ കഴമ്പില്ലെന്ന് എക്സാമിനേഷൻ കമ്മിറ്റി അന്വേഷണ റിപ്പോർട്ടിൽ പറ‍യുന്നു.

നിയമാവലി പ്രകാരമാണ് പുനർമൂല്യ നിർണയം നടന്നത്. പരീക്ഷയിൽ ആദ്യം 18 മാർക്കാണ് കെ.എസ്.യു പ്രവർത്തകക്ക് ലഭിച്ചിരുന്നത്. ഇത് പുനർമൂല്യ നിർണയത്തിൽ 30 മാർക്കായി വർധിച്ചു. കൂടുതൽ മാർക്ക് ലഭിച്ചത് പുനർമൂല്യ നിർണയത്തിലെ അപാകതയായി കാണാനാവില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോർഡിനേറ്റർക്കെതിരെ പരാതി നൽകിയതോടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നാണ് ആർഷോമിന്‍റെ ആരോപണം. 

Tags:    
News Summary - The Maharajas college governing council said that no one in Maharajas was involved in the forgery of education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.