അകത്തേത്തറ: പി.ടി-ഏഴ് കാട്ടുകൊമ്പനെ നിരീക്ഷിച്ച് ധോണി വനാതിർത്തിയിലൂടെ പട്രോളിങ് തുടർന്ന് പ്രത്യേക ദൗത്യസംഘം. കാട്ടുകൊമ്പൻ സഞ്ചരിക്കുന്ന വഴികൾ കൂടുതൽ പരിചയപ്പെടാനും പിടികൂടുന്ന പ്രക്രിയ സുഗമമാക്കാനുമാണ് ആനയുടെ സ്വാഭാവിക പാതകൾ പിന്തുടരുന്നത്. കുങ്കിയാനകളായ ഭരതനും വിക്രമനും ദൗത്യസംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, അസി. വനം കൺസർവേറ്റർ ബി. രഞ്ജിത് എന്നിവർ നേതൃത്വം നൽകുന്ന 26 അംഗ ദൗത്യസംഘമാണ് രാത്രിയും പകലും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വനാതിർത്തികളിൽ റോന്ത് ചുറ്റുന്നത്. ഒലവക്കോട് ദ്രുതപ്രതികരണ സേനയും ദൗത്യത്തിൽ പങ്കാളികളാണ്.
ധോണിയിൽ കൂട് നിർമാണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൂണുകൾ ആറടി ആഴമുള്ള കുഴികളിൽ നാട്ടി മണ്ണിട്ട് വെള്ളമൊഴിച്ച് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കൂടിന്റെ താഴ്ഭാഗത്തും യൂക്കാലിപ്റ്റ്സ് തടികൾ നിരത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം നിർമാണം പൂർത്തിയാവും. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കും. തുടർന്നാണ് കുങ്കിയാനയാക്കി മാറ്റാനുള്ള ചട്ടങ്ങൾ പരിശീലിപ്പിക്കുക.
അകത്തേത്തറ: ജനങ്ങളെ വലക്കുന്ന വില്ലന്മാരായ കാട്ടാനകളെ ഒതുക്കാൻ മിടുക്കരാണ് കുങ്കിയാനകളായ ഭരതനും വിക്രമും. ഒരുകാലത്ത് ജനവാസ മേഖലയിലെ നിത്യശല്യക്കാരായിരുന്ന ഇരുവരും വയനാട് മുത്തങ്ങയിലെ ആനപ്പന്തിയിലെ പരിശീലനത്തിന് ശേഷമാണ് കുങ്കികളായി മാറിയത്.
ഒടുവൻകാടും പരിസരങ്ങളിലും കാട്ടാനകളെ തുരത്താൻ വയനാട്ടുനിന്ന് തന്നെ എത്തിച്ച രണ്ട് കുങ്കിയാനകൾ മദപ്പാട് കണ്ടതോടെ ധോണിയിൽ വിശ്രമത്തിലാണ്. ഇതോടെയാണ് ഭരതനും വിക്രമും എത്തിയത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിൽ ഒറ്റയാന്മാരെയും കാട്ടാനക്കൂട്ടങ്ങളെയും നിയന്ത്രിക്കാൻ മികവ് തെളിയിച്ചവരാണ് രണ്ട് ആനകളും.
ധോണിയിലെ കൂട് നിർമാണം പൂർത്തിയായാൽ കാട്ടുകൊമ്പനെ സുരക്ഷിത സ്ഥലത്ത് എത്തിച്ച് മയക്കുവെടി വെക്കാൻ സൗകര്യമൊരുക്കേണ്ടതും ഈ കുങ്കിയാനകളുടെ സഹായത്തോടെയാണ്. വെടിയേറ്റ കൊമ്പൻ ജനവാസ മേഖലയിലെത്താതിരിക്കാനും ദൗത്യസംഘം ശ്രദ്ധയൂന്നേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.