ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോയെന്ന് സുപ്രീംകോടതി. ജലനിരപ്പ് സംബന്ധിച്ച് കേരള, തമിഴ്നാട് സംസ്ഥാനങ്ങൾ തമ്മിൽ ചർച്ചകൾക്ക് തയാറാകണം. ഇക്കാര്യത്തിൽ മേൽനോട്ട സമിതി ഉടൻ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എം.എം. ഖൻവീൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ വിഷയം ചർച്ച ചെയ്യണം. കൃത്യസമയത്ത് ചർച്ച നടക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. അങ്ങനെ ചർച്ച ചെയ്ത് തീരുമാനമെടുത്താൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിർത്തണമെന്നാണ് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജഗദീപ് ഗുപ്ത ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ അണക്കെട്ടിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാവും. ആളുകൾ ഭീതിയോടെയാണ് കഴിയുന്നത്.
മുല്ലപ്പെരിയാർ പരിസരത്ത് വലിയ തോതിൽ മഴ ചെയ്യുകയാണ്. വരും ദിവസങ്ങളിലും മഴ കൂടാൻ സാധ്യതയുണ്ട്. 2018ലെ പോലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് വിഷയത്തിൽ അടിയന്തര സാഹചര്യമില്ലെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. 2018ൽ 139 അടിയായി നിജപ്പെടുത്തി സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഈ സമയത്ത് ജലനിരപ്പ് 139 അടിക്ക് മുകളിലായിരുന്നു.
ഇന്ന് രാവിലെ ഏഴു മണിവരെ 137.2 അടിയാണ് ജലനിരപ്പ്. 2220 ക്യൂസെസ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതിനാൽ, 139 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യമില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.