മൂലമറ്റം: മഴക്കാലം പ്രതീക്ഷിച്ചത്ര ശക്തി പ്രാപിക്കാത്തതിനാൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി. കാലവർഷം ആരംഭിച്ചതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ച മേയ് 29 മുതൽ തിങ്കളാഴ്ചവരെ ജലനിരപ്പ് താഴുകയാണ്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും വൈദ്യുതി ഉൽപാദനത്തിൽ കുറവ് വരാത്തതുമാണ് ഡാമുകളിൽ ജലനിരപ്പ് താഴാൻ കാരണം. ജൂൺ ഒന്നിന് സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 33 ശതമാനം ജലം അവശേഷിച്ചിരുന്നു.
എന്നാൽ, ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുപ്രകാരം മൂന്ന് ശതമാനം കുറഞ്ഞ് 30ൽ എത്തി. ഈ ജലം ഉപയോഗിച്ച് 1241. 24 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. കഴിഞ്ഞ വർഷം ഇതേസമയം 1535.425 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിച്ചിരുന്നു. ഇടുക്കി ഡാമിൽ 36 ശതമാനം ജലമാണ് നിലവിൽ ശേഷിക്കുന്നത്. ഇടമലയാർ 27 ശതമാനം, പമ്പ 25, കുണ്ടള 21, മാട്ടുപ്പെട്ടി 39, കുറ്റ്യാടി 39, പൊൻമുടി 35, നേര്യമംഗലം 59, പൊരിങ്ങൽകുത്ത് 37, ലോവർപെരിയാർ 58 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിൽ ശേഷിക്കുന്ന ജലത്തിന്‍റെ അളവ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ കഴിഞ്ഞ വർഷം 2342.78 അടി ജലം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2338. 32 അടിയാണ് ശേഷിക്കുന്നത്. കാലവർഷം ശക്തി പ്രാപിക്കാത്തതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് തീരെ കുറഞ്ഞ അവസ്ഥയിലാണ്. ജൂൺ ഒന്ന് മുതൽ തിങ്കളാഴ്ചവരെ ഇടുക്കിയിൽ ലഭിച്ച മഴ 59.15 മില്ലിമീറ്ററാണ്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ സമയം 144.75 മില്ലിമീറ്റർ ലഭിച്ചിരുന്നു. മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കൂടിയിട്ടുണ്ട്. മഴക്കാലത്ത് ശരാശരി 65 ദശലക്ഷം യൂനിറ്റിന് താഴെ മാത്രമേ ഉപഭോഗം നടക്കാറുള്ളൂ. എന്നാൽ, ഇത്തവണ അത് 75വരെ എത്തിനിൽക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 75.11 ദശലക്ഷം യൂനിറ്റായിരുന്നു. ഇതിൽ 52.63 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.