തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനായി തയാറാക്കിയ നിർദേശം നടപ്പായാൽ മുസ്‌ലിം സംവരണത്തിൽ രണ്ട് ശതമാനം നഷ്ടമാകുമെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്. മുസ്‌ലിം സംവരണ ക്വാട്ടയെ അട്ടിമറിക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കണമെന്നും നിലവിലെ പട്ടകജാതി-പട്ടിക വർഗ, പിന്നാക്ക സംവരണീയ സമുദായങ്ങളുടെ സംവരണ ക്വാട്ടയിൽ കുറവു വരുത്താതെ വേണം പിന്നാക്ക സംവരണം നൽകാനെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇപ്പോൾ സംവരണത്തിനായി പി.എസ്.സി കണ്ടെത്തിയ 1, 26, 51, 76 ടേണുകളിൽ 26 ഉം 76 ഉം ടേണുകൾ മുസ്‌ലിം സമുദായ ക്വാട്ടയാണ്. ഇതിന് പി.എസ്.സിയും സർക്കാരും അംഗീകാരം നൽകരുത്.
മറ്റ് പിന്നാക്ക സംവരണ സമുദായങ്ങളുടെ ടേണുകളും അതിനായി മാറ്റരുത്. പിന്നാക്ക സമുദായങ്ങൾക്കൊന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സർക്കാർ സർവീസിലില്ല എന്നിരിക്കെ അവരുടെ ക്വാട്ട എടുക്കുന്നത് തികഞ്ഞ അനീതിയാണ്. ഇതനുവദിക്കാനാവില്ല.
സർവീസിൽ ജനസംഖ്യയെക്കാൾ പ്രാതിനിധ്യമുള്ള മുന്നാക്ക വിഭാഗങ്ങൾക്കായി മാത്രം നൽകുന്ന ഇ.ഡബ്ല്യു.എസ് എന്ന പേരിലെ സവർണ സംവരണ ക്വാട്ടയിൽ നിന്നോ പൊതു ക്വാട്ടയിൽ നിന്നോ ആണ് ഭിന്ന ശേഷിക്കാർക്ക് സംവരണം നൽകാൻ എടുക്കേണ്ടത്.
സർക്കാർ സർവീസിലെ സാമൂഹ്യ നീതി അട്ടിമറി നടത്തുന്ന 20 റൊട്ടേഷൻ സമ്പ്രദായം പരിഷ്കരിക്കണമെന്ന ആവശ്യത്തെ മുഖവിലക്കെടുക്കാൻ സർക്കാരോ പി.എസ്.സിയോ തയ്യാറാവാത്തത് മെറിറ്റിൽ അട്ടിമറി നടത്തി സംവരണ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ മുസ്‌ലിം സംവരണത്തിൽ കൈവെയ്ക്കാൻ തുനിയുന്നത്. ഇതിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.