തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ല. ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം തൽക്കാലം നടപ്പാക്കാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു. സമരാഗ്നി യാത്രക്കിടെ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് നേതാക്കളെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, മൂന്നാം സീറ്റിനുള്ള അവകാശവാദത്തിൽ നിന്ന് ലീഗ് പിന്മാറിയിട്ടില്ല. ചർച്ച പുരോഗമിക്കുന്നെന്ന് മാത്രമാണ് ഇതിനെക്കുറിച്ച് കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പ്രതികരണം. ലീഗ് ശാഠ്യം പിടിക്കില്ലെന്ന കണക്കുകൂട്ടലിൽ തീരുമാനം വൈകിപ്പിച്ച് അനുനയിപ്പിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വീണ്ടും ചേരാമെന്ന് നിശ്ചയിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച നടക്കാത്തത് അതുകൊണ്ടാണ്.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റിലാണ് ലീഗിന്റെ നോട്ടം. വയനാട് അല്ലെങ്കിൽ കണ്ണൂരാണ് ആഗ്രഹം. രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമെന്നുറപ്പായ സാഹചര്യത്തിൽ വയനാടും കെ.പി.സി.സി പ്രസിഡന്റിന്റെ സിറ്റിങ് സീറ്റും ഇക്കുറി ലഭിക്കില്ലെന്ന് ലീഗ് നേതൃത്വത്തിനും അറിയാം. എങ്കിലും മൂന്നാം സീറ്റ് ചോദിച്ചുവാങ്ങണമെന്നുമുള്ള അണികളുടെ വികാരത്തിനൊപ്പം നിൽക്കാനാണ് അവകാശവാദം കടുപ്പിക്കുന്നത്. പകരം രാജ്യസഭ സീറ്റ് വാഗ്ദാനവും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.
അതിനിടെ, ലീഗിന് രാജ്യസഭ സീറ്റ് വേണമെന്ന തരത്തിൽ കോൺഗ്രസുമായി ചർച്ചയേ നടന്നിട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ച ലോക്സഭ സീറ്റിനെക്കുറിച്ചാണ്. അർഹതപ്പെട്ട മൂന്നാം സീറ്റിന്റെ കാര്യത്തിൽ ചർച്ച വഴിമുട്ടിയിട്ടില്ല. തുടരുകയാണ്. യു.ഡി.എഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.