തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രധാനമന്ത്രിയുൾപ്പെടെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കം നേതാക്കൾ കേരളത്തിലെത്തും. കേരളത്തിന്‍റെ സംഘടന ചുമതല പ്രകാശ് ജാവ്ദേക്കറെ ഏൽപ്പിച്ചതിന് പിന്നിലും ദേശീയ നേതൃത്വത്തിന് വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്.
കേരളത്തിൽ ബി.ജെ.പിക്ക് കാര്യമായ വളർച്ചയില്ലെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിന്. മുസ്ലിം വിഭാഗത്തിന്‍റെ വിശ്വാസം ആർജിക്കാൻ കഴിയാത്ത ബി.ജെ.പിക്ക് ക്രൈസ്തവ വിഭാഗത്തിന്‍റെ പിന്തുണ നേടുന്നതിലും പരാജയമാണെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തൽ. മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്ന് ബി.ജെ.പിയിലേക്ക് എത്താൻ സന്നദ്ധരായവരെ കൊണ്ടുവരുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു.
സംസ്ഥാന ബി.ജെ.പിയിലെ വിഭാഗീയതയും നേതൃത്വം ഗൗരവമായാണ് കാണുന്നത്. അതിനാലാണ് സംഘടന പ്രശ്നങ്ങൾ പരിശോധിക്കാന്‍ പാർട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡതന്നെ കേരളത്തിലെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാന ബി.ജെ.പിയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നും സൂചനയുണ്ട്. ഈമാസം 25, 26 തീയതികളിലാണ് നഡ്ഡ കേരളത്തിലെത്തുന്നത്. ബി.ജെ.പി തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.