കൊച്ചി: അശ്രദ്ധയോടെ വാഹനം ഒാടിക്കുന്നതാണ് കുതിരാനിൽ അപകടങ്ങൾ പെരുകാൻ കാരണമെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ.
അപകടങ്ങൾക്ക് കാരണം നിർമാണ പ്രവർത്തനങ്ങളല്ല. രാത്രി മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഇവിടെ വർധിച്ചു. കുതിരാനിലെ ഇരട്ട ടണൽ നിർമാണത്തിന് ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജൻ, തൃശൂർ സ്വദേശി ഷാജി. ജെ കോടങ്കണ്ടത്ത് എന്നിവർ നൽകിയ ഹരജികളിലാണ് അതോറിറ്റിയുടെ വിശദീകരണം.
ഇരട്ട ടണൽ നിർമാണം തുടങ്ങിയശേഷം അപകടങ്ങൾ പെരുകിയെന്നും 11 വർഷത്തിനിടെ അപകടങ്ങളിൽ 119 പേർ മരിച്ചെന്നും ചീഫ് വിപ്പിെൻറ അഭിഭാഷകൻ ബോധിപ്പിച്ചു. എന്നാൽ, അപകടങ്ങൾ നിയന്ത്രിക്കാൻ കർശന പരിശോധനയാണ് വേണ്ടതെന്നും ദേശീയ പാത അതോറിറ്റിക്ക് ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചു.
ഒരു ടണലിെൻറ നിർമാണം ഏറക്കുറെ പൂർത്തിയായെന്നും മാർച്ച് 31ന് കൈമാറാനാവുമെന്നും നിർമാണ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ അറിയിച്ചു. ചില പരിശോധനകൾക്ക് ശേഷമേ ടണൽ തുറക്കാനാവൂവെന്ന് അതോറിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ട് തേടിയ കോടതി, ഹരജി ഏപ്രിൽ എട്ടിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.