കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ സാഹസികമായി പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ, ഇന്നു രാവിലെ 6.30ന് കുടമാളൂരിൽ നിന്ന് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്.
നേരത്തെ, നായയയുടെ കടിയേറ്റ ജീവൻ ബറുവയെ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. രാത്രി 10ന് എത്തിയ ബറുവയെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടർമാർ വിദഗ്ദ പരിഗേധനക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു.
എന്നാൽ, രാത്രി 12.30ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി. ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ജില്ലയിൽ ജാഗ്രത നിർദേശം നൽകുകയും തുടർന്ന് വൻ പൊലീസ് സംഘം മെഡിക്കൽ കോളജ് പരിസര പ്രദേശങ്ങളിൽ നേരം പുലരുംവരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് ഇന്ന് രാവിലെ 6.30ന് കുടമാളൂർ ഭാഗത്ത് വച്ച് കൺട്രോൾ റൂം എസ്.ഐ റ്റി.കെ അനിൽകുമാർ, വെസ്റ്റ് എസ്.ഐ സി. സുരേഷ്, സീനിയർ സി.പി.ഒമാരായ മുഹമ്മദ്സമീർ, വിജേഷ്കുമാർ എന്നിവർ ചേർന്ന് വളരെ സാഹസികമായി പിടികൂടി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഇവരെ സാംക്രമികരോഗ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.