​യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണ് മരിച്ചത് സർക്കാരിന്റെ തലയിൽ വെക്കാനുള്ള ശ്രമമാണിത് -സതീശന് മറുപടിയുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടിൽ വച്ചാണ് അദ്ദേഹമിത് പറഞ്ഞത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണ്. ഈ സാഹചര്യത്തിൽ തനിക്ക് വാസ്തവം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. മഴക്കാല പൂർവ ജോലികൾ നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും ഇത് കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. റോഡുകളിൽ മഴക്കാലപൂർവ ജോലി നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു. വകുപ്പിനുള്ളിലെ തർക്കവും പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണമെന്നും സതീശൻ ഉപദേശിക്കുകയുണ്ടായി.

മൂന്നു മാസം കൊണ്ട് 15 പേരാണ് കുഴിയിൽ വീണ് മരിച്ചത്. റോഡിലെ കുഴിയിൽ വീണുള്ള മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയവൽകരിക്കുന്നുവെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സി.പി.ഐ സമ്മേളനങ്ങളിൽ വിമർശനമായി വരുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - The opposition leader's attempt to make a death at the head of the government -Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.