മന്ത്രിഭാര്യയുടെ വിമർശനം ആയുധമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ ഭാര്യ ആർ. ലതാദേവി നടത്തിയ വിമർശനം ആയുധമാക്കി മന്ത്രി ജി.ആർ. അനിലിനെതിരെ പ്രതിപക്ഷം. സൈപ്ലകോ പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിലാണ് മന്ത്രിഭാര്യയുടെ വിമർശനം ശ്രദ്ധയിൽ കൊണ്ടുവന്നത്.

‘ബജറ്റിൽ തുക അനുവദിച്ചില്ല, മുഖ്യമന്ത്രിക്ക് സി.പി.ഐ സംസ്ഥാന കൗൺസിലിൽ മന്ത്രി അനിലിന്‍റെ ഭാര്യ ലതാദേവിയുടെ രൂക്ഷ വിമർശനം’ എന്ന വാർത്ത ഉയർത്തിയായിരുന്നു ഷാഫിയുടെ പ്രസംഗം. മന്ത്രിയുടെ ഭാര്യ എന്നതല്ല അവരുടെ പദവി. സംസ്ഥാന കൗൺസിൽ അംഗമാണ് ഭാര്യ. സൈപ്ലകോക്ക് വേണ്ടി കത്തെഴുതി മന്ത്രിയുടെ കൈയെഴുത്ത് നന്നായി എന്ന് സി.പി.ഐ കൗൺസിലിന് തോന്നിയിട്ടും ജനങ്ങളുടെ തലയിലെഴുത്ത് മോശമായി തുടരുന്നു എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ വീട്ടിൽ പശുക്കൾക്ക് പാട്ടുകേൾക്കാൻ സൗകര്യമുള്ള കാലിത്തൊഴുത്ത് ഒരുക്കാൻ കോടികൾ ചെലവഴിക്കുമ്പോഴും സൈപ്ലകോക്ക് പണം നൽകാത്തതിനെ വി.പി. ഉണ്ണിക്കൃഷ്ണൻ കൗൺസിൽ യോഗത്തിൽ വിമർശിച്ച വാർത്തയും ഷാഫി ഉദ്ധരിച്ചു.

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നടന്നതെന്നു മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നു മന്ത്രി അനിൽ പറഞ്ഞു. വസ്തുതയാകില്ല മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടി തീരുമാനം. ചര്‍ച്ച ചെയ്യേണ്ട സ്ഥലങ്ങളില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അറിയാവുന്ന പാര്‍ട്ടിയാണ് സി.പി.ഐ. കോൺഗ്രസ് ഓഫിസിൽ കൊലപാതകം വരെ നടക്കുന്നു. അതൊക്കെ ഇവിടെ ചര്‍ച്ചയാക്കണമോ എന്നും മന്ത്രി ചോദിച്ചു. ഷാഫിയുടെ വസ്തുതാവിരുദ്ധ പരാമർശം രേഖകളിൽനിന്ന് നീക്കണമെന്ന് സി.പി.ഐ അംഗം പി.എസ്. സുപാൽ ആവശ്യപ്പെട്ടു. പരിശോധിച്ചു ചെയ്യാമെന്ന് സ്പീക്കർ മറുപടി നൽകി. 

Tags:    
News Summary - The opposition used the criticism of the minister's wife as a weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.