കണ്ണൂർ: താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും തന്‍റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയാറായില്ലെങ്കില്‍ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് പുതിയ പോസ്റ്റുമായ ആകാശ് രംഗത്തുവന്നത്.
'അനശ്വര രക്തസാക്ഷി സഖാവ് കണ്ണിപൊയിൽ ബാബുവേട്ടൻ വധത്തിലെ പ്രതികളുമായി ഞാൻ കൂട്ടുചേർന്നു എന്നുള്ള രീതിയിൽ ഉത്തരവാദിത്തപ്പെട്ട ചിലരിൽ നിന്നുണ്ടായ പ്രതികരണം എനിക്ക് താങ്ങാൻ കഴിയുന്നതിലും വലിയ വേദനയാണ് ഉണ്ടാക്കിയത്. ആ ആരോപണം പത്രസമ്മേളനം വിളിച്ച് ഞാൻ നിഷേധിക്കും എന്ന രീതിയിൽ ഒരു കമന്‍റിന് മറുപടി കൊടുത്തത് 'ഞാൻ പാർട്ടിയെ വെല്ലുവിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു' എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്തയാക്കിയത് കണ്ടു.
ഷുഹൈബ് വധവുമായ് പ്രതിചേർക്കപ്പെട്ടപ്പോൾ എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയത് ഇവിടത്തെ മാധ്യമങ്ങൾക്കും ജനങ്ങൾക്കും അറിയാവുന്നതാണ്. എനിക്കെതിരെ ഇപ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ ശത്രുക്കളും ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഉത്തരവാദിത്തപ്പെട്ട ഏജൻസികളുടെ അന്വേഷണം കഴിയുന്നതോടെ നിങ്ങൾക്ക് ബോധ്യമാകും.
പാർട്ടി പുറത്താക്കിയ, സ്വതന്ത്ര വ്യക്തിയായ ഞാൻ ചെയ്യുന്ന എന്തെങ്കിലും പ്രവർത്തികൾക്ക് ഞാൻ മുൻ പാർട്ടിപ്രവർത്തകൻ ആയിരുന്നതിന്‍റെ പേരിൽ പാർട്ടി ഉത്തരവാദിത്തം ഏൽക്കേണ്ട കാര്യവുമില്ല. രക്തസാക്ഷികളെ ഞാൻ ഒറ്റുകൊടുത്തു എന്ന് ആരെങ്കിലും ആരോപിച്ചാൽ അത് തികച്ചും വസ്തുതാവിരുദ്ധം ആണ് എന്ന് ഒരിക്കൽ കൂടി പറയുകയാണ്.
എന്‍റെ പ്രവർത്തികൾക്ക് പാർട്ടിയെ വലിച്ചിഴക്കേണ്ട എന്ന് മുഴുവൻ മാധ്യമങ്ങളോടും തഴ്മയായ് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. നിങ്ങൾ എന്നെ എത്ര വേണമെങ്കിലും വിചാരണ ചെയ്തുകൊള്ളൂ, എന്നാൽ എന്‍റെ പ്രവർത്തനങ്ങൾക്ക് പാർട്ടി ഉത്തരവാദിത്തം പറയണം എന്ന വാദം ബാലിശമാണ് എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു' -ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഡി.വൈ.എഫ്.ഐ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.