കാഞ്ഞങ്ങാട്: ഉമ്മൻചാണ്ടി എന്ന കാരുണ്യമനസ്സിനെ മറക്കാനാവില്ല ഒരിക്കലും കാഞ്ഞങ്ങാട്ടുകാർക്ക്. ജില്ലക്കും പ്രത്യേകിച്ച് കാഞ്ഞങ്ങാടിനുവേണ്ടി ചെയ്ത നൂറുകണക്കിന് കാര്യങ്ങളാണ്. വലിയ ബന്ധമാണ് അദ്ദേഹത്തിന് കാഞ്ഞങ്ങാടുമായുള്ളത്. തലസ്ഥാനവും സ്വന്തം നാടും പോലെയായിരുന്നു അദ്ദേഹത്തിന് ഇവിടം. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും അദ്ദേഹം ഈ നാടിനെ മറന്നില്ല.
രാഷ്ട്രീയമായി വലിയ ബന്ധം അദ്ദേഹത്തിന് ഇവിടെയുണ്ട്. കോൺഗ്രസിനപ്പുറം മുസ്ലിംലീഗിന്റെ ഇവിടുത്തെ നേതാക്കളുമായുള്ള ബന്ധം ചെറുതല്ല. രാജ്യത്തെ ഞെട്ടിച്ച സമാനതകളില്ലാത്ത കുഴൽക്കിണർ ദുരന്തവും തുടർന്നുള്ള ഉമ്മൻചാണ്ടിയുടെ ഇടപെടലുകളും ആ സ്നേഹക്കടലിന്റെ ആഴം കാഞ്ഞങ്ങാട് നേരിട്ടറിഞ്ഞതാണ്. തോയമ്മലിലെ ജില്ല ആശുപത്രിക്ക് സമീപത്തുതാമസിക്കുന്ന വിനോദിനിയുടെ മകൻ പ്രഫുല്ലെന്ന ഒൻപതുകാരൻ കുഴൽക്കിണറിൽ വീണുമരിച്ചപ്പോൾ നാടിന്റെ തീരാത്ത വേദനക്കൊപ്പംനിന്ന് കണ്ണീരൊപ്പിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.
അദ്ദേഹത്തിെന്റ ഇടപെടലുകൾ ആ കുടുംബത്തിനും നാടിനും ശക്തിപകർന്നു. കുടുംബത്തിന് എന്തു നൽകിയാലും പകരമാവില്ലെന്ന് പറഞ്ഞ് അദ്ദേഹം ആ കുടുംബത്തെ ചേർത്തുപിടിക്കാൻ കാട്ടിയ മനസ്സ് ഇന്നും നാട്ടുകാർ ഓർക്കുന്നു. മകന്റെ വിയോഗത്തോടെ തളർന്ന കുടുംബത്തിന് തുടർന്നുള്ള ജീവിതയാത്രക്ക് ഒരു തടസ്സവും വരരുതെന്ന് നിർബന്ധമുള്ളതിനാൽ ഉമ്മൻചാണ്ടി പ്രഫുലിെന്റ അമ്മക്ക് സർക്കാർ ജോലി നൽകി. നല്ലൊരു വീടില്ലാത്ത കാര്യവും അറിഞ്ഞ ഉമ്മൻചാണ്ടി സ്വന്തമായി വീടുമൊരുക്കിക്കൊടുത്തു. ഉമ്മൻചാണ്ടിയുടെ കാരുണ്യത്തിന്റെ ആഴം കാഞ്ഞങ്ങാടറിഞ്ഞു.
കാഞ്ഞങ്ങാട്ടെ മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ബി.സി. ബാബുവിന്റെ കുടുംബത്തെ ചേർത്തുപിടിക്കാനും ആ മഹാമനസ്കന് കഴിഞ്ഞു. ബാബുവിന്റെ നിര്യാണത്തോടെ പണിതീരാത്ത അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചറിഞ്ഞ ഉമ്മൻചാണ്ടി ഗൾഫിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഭാരവാഹികളെ വിളിച്ച് ഉടൻ അഞ്ചുക്ഷം രൂപ ഏർപ്പാടാക്കി മാതൃക കാട്ടുകയായിരുന്നു. വെള്ളരിക്കുണ്ട്, മഞ്ചേശ്വരം താലൂക്കുകൾ എന്ന ജില്ലയുടെ ഏറെക്കാലത്തെ സ്വപ്നം പൂവണിയിക്കാനായതും ഉമ്മൻചാണ്ടിയുടെ ജില്ലയോടുള്ള താൽപര്യംകൊണ്ട് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.