തിരുവനന്തപുരം: കവടിയാർ സ്ക്വയറിൽ കാത്തുനിന്നവർക്കടുത്തേക്ക് നിരനിരയായി ആറ് കാറുകൾ വന്നടുക്കുന്നു. ഉച്ചവെയിൽ ആലസ്യത്തിലും ആവേശത്തിലായി പ്രവർത്തകർ. മുന്നിൽ നിന്ന് രണ്ടാമതുള്ള കാറിലേക്ക് അണികൾ ഓടിയടുത്തു. ചുറ്റും വളഞ്ഞവർ കാർ മുഴുവൻ അരിച്ചുപെറുക്കിയിട്ടും അതിഥിയെ കാണാനില്ല. ഒടുവിലാണ് ഡ്രൈവിങ് സീറ്റിലേക്ക് കണ്ണെത്തിയത്. വണ്ടി നിർത്തിയ ശേഷം ശ്രദ്ധയോടെ ഹാൻഡ് ബ്രേക്കിടുകയാണ് സച്ചിൻ പൈലറ്റ്.
ഡോർ തുറന്നതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശവവും പരകോടിയിലേക്ക്. നേതൃപരിവേഷമില്ലാതെ മാസ്കറ്റ് ഹോട്ടലിൽനിന്ന് കവടിയാറിലേക്ക് സ്വന്തമായി കാറോടിച്ചാണ് സച്ചിനെത്തിയത്. കഴുത്തിൽ ത്രിവർണ ഷാൾ. യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിനൊപ്പം കുശലം പറഞ്ഞും പ്രവർത്തകർക്കുനേരെ കൈവീശിയുമായിരുന്നു പിന്നീടുള്ള നടത്തം.
ശശി തരൂർ യാഥാർഥ്യമാക്കിയ വികസനനേട്ടങ്ങൾ മൊബൈൽ വഴി ജനങ്ങളിലെത്തിക്കുന്നതിനുള്ള ‘സ്കാൻ മി’ കാമ്പയിന്റെ ഉദ്ഘാടനമായിരുന്നു കവടിയാറിലെ ചടങ്ങ്. തരൂരിന്റെ തിളങ്ങുന്ന മുഖവും തൊട്ട് ചേർന്ന് ക്യു.ആർ കോഡും പ്രിന്റ് ചെയ്ത വെള്ള ടീ ഷർട്ട് ഇരുവർക്കും കൈമാറി. തരൂർ നെഞ്ചോട് ചേർത്ത ഷർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താണ് സച്ചിൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
2009ൽ താൻ പാർലമെന്റിൽ എത്തുമ്പോൾ മുതലുള്ള സൗഹൃദം അടിവരയിട്ടായിരുന്നു സ്ഥാനാർഥി ശശി തരൂർ സംസാരിച്ച് തുടങ്ങിയത്. രണ്ട് പേരും സഹമന്ത്രിമാരായിരുന്നു. തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിന്റെ ചുമതലയാണ് സച്ചിന്. തിരക്കിനിടയിലും ഇവിടെ വരാൻ കാരണം കേരളത്തോടുള്ള സ്നേഹവും തന്നോടുള്ള ബന്ധവും കൊണ്ടാണെന്നും ശശി തരൂർ പറഞ്ഞു.
തന്റെ പ്രിയസുഹൃത്ത് തരൂരിനായി പ്രചാരണത്തിനെത്തിയത് വലിയ അവസരമായി കാണുന്നുവെന്ന് പറഞ്ഞായിരുന്നു സംസാരം തുടങ്ങിയത്. രണ്ട്, മൂന്ന് മിനിറ്റുകൾ മാത്രമാണ് പ്രസംഗം നീണ്ടത്. പിന്നെ വെങ്ങാനൂരിലേക്കുള്ള യാത്ര. ഡ്രൈവർ സീറ്റിൽ സച്ചിൻ തന്നെ. തൊട്ടടുത്ത സീറ്റിൽ തരൂരും. ചുറ്റും കൂടിയ ചാനൽ കാമറകൾ ഒഴിവാക്കാൻ അൽപം കാത്തു. പിന്നീട് രണ്ട് വട്ടം ഹോൺമുഴക്കി കാർ മുന്നോട്ടേക്ക്.
കൈവീശി യാത്ര പറഞ്ഞ് പ്രവർത്തകരും. വെങ്ങാനൂരിൽ ശശി തരൂരിനൊപ്പം പര്യടനം നടത്തിയ ശേഷം നെയ്യാറ്റികരയിലെ റോഡ്ഷോ ആയിരുന്നു അടുത്ത പരിപാടി. വൈകീട്ട് കനത്ത മഴ. സച്ചിൻ പൈലറ്റ് ബൈക്കിൽ കയറുമെന്നായിരുന്നു പദ്ധതിയിട്ടതെങ്കിലും മഴ മൂലം തുറന്ന വാഹനത്തിലായിരുന്നു ഒന്നര കിലോമീറ്റർ റോഡ്ഷോ. പിന്നീട് വ്യോമമാർഗം ആറരയോടെ കോഴിക്കോട്ടേക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.