സ്കൂൾ പഠനകാലത്ത് സ്ലേറ്റിൽ പദ്യമെഴുതിയായിരുന്നു സുഗതകുമാരി എഴുത്തിലേക്ക് കാലെടുത്തുവെച്ചത്. ഹൈസ്കൂൾ പഠനകാലത്ത് കവിത എഴുതി തുടങ്ങി. ഇൻറർ മീഡിയറ്റിനു പഠിക്കുമ്പോൾ നോട്ട്ബുക്ക് നിറയെ കവിതയായി. 17ാം വയസിൽ ഓണേഴ്സ് ആദ്യ വർഷത്തിൽ കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിക്കാൻ നൽകുേമ്പാൾ എസ്.കെ എന്ന പേരായിരുന്നു നൽകിയിരുന്നത്.
കോളജ് മാഗസിനിലെ കവിത ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും 'എസ്.കെ' എന്ന പേരിന് പിറകിൽ ഒളിച്ചിരിക്കുന്നത് ആരെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. പിന്നീട്, സാഹിത്യപരിഷത്ത് സമ്മേളനത്തോട് അനുബന്ധിച്ചുള്ള കവിതാ മൽസരത്തിന് ശ്രീകുമാർ എന്ന പേരിലാണ് കവിത നൽകിയത്. പിതൃ സഹോദരിയുടെ മകനായിരുന്നു ശ്രീകുമാർ. കടലിനെ പറ്റി ആയിരുന്നു കവിത. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എസ്. ഗുപ്തൻ നായരുടെ കാർഡ് കിട്ടി-'ശ്രീകുമാർ നിങ്ങളുടെ കവിതക്കാണ് സമ്മാനം. 100 രൂപ വാങ്ങാൻ സമ്മേളന ഹാളിൽ വരിക'. ശ്രീകുമാറിന്‍റെ വിലാസത്തിലായിരുന്നു മറുപടി. അച്ഛൻ ബോധേശ്വരൻ ഉൾപ്പെടെയുള്ള ജഡ്ജിങ് കമ്മിറ്റിയായിരുന്നു കവിത തെരഞ്ഞെടുത്തത്. അച്ഛൻ അറിഞ്ഞപ്പോൾ ആ മത്സരഫലം റദ്ദാക്കിച്ചു.
ചില കവിതകൾ ശ്രീകുമാറെന്ന പേരിൽ മാതൃഭൂമിയിൽ വന്നതിനുശേഷമാണ് എഴുത്തുകാരിയെ തിരിച്ചറിയുന്നത്. ശ്രീകുമാറിന്‍റെ പേരിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച കവിത വിമൻസ് കോളജ് മാഗസിനിൽ സുഗതകുമാരി എന്നപേരിൽ കൊടുത്തു. അത് രണ്ടും വെട്ടിയെടുത്ത് എൻ.വി കൃഷ്ണവാര്യർക്ക് കൂട്ടുകാർ അയച്ചു കൊടുത്തു. അതോടെ ശ്രീകുമാർ സുഗതകുമാരിയാണെന്ന് എൻ.വിയും അറിഞ്ഞു.
എഴുത്തുകാരിയെ കൈപിടിച്ചുയർത്തിയത് എൻ.വി കൃഷ്ണവാര്യരാണ്. പിൽക്കാലത്ത് 'പാവം മാനവഹൃദയ'ത്തിന് അവതാരിക എഴുതി നൽകിയത് എൻ.വിയാണ്. പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നതിന് അനുഗ്രഹിച്ചതും എൻ.വിയാണ്. ഏത് പ്രസ്താവനക്ക് താഴെയും തന്‍റെ പേര് വെക്കാൻ സുഗതകുമാരിക്ക് 'ബ്ലാങ്ക് ചെക്ക്' നൽകിയിരുന്നു പ്രയിപ്പെട്ട എൻ.വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.