തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് റിപ്പോർട്ട്. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് രാഹുൽ ഇളവ് തേടിയത്.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലാണ് രാഹുൽ. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
സ്ഥാനാർഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹരജി നൽകിയത്. ഇതിനെ എതിർത്ത പൊലീസ്, ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തു കൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. രാഹുലിന്‍റെ അപേക്ഷയിൽ തിരുവനന്തപുരം സി.ജെ.എം കോടതി വ്യാഴാഴ്ച ഉത്തരവിടും.
നേരത്തേ, പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്‍റെ പേരിൽ കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.