കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില കുത്തനെ കൂട്ടി. ചൊവ്വാഴ്ച 105 രൂപയാണ് വർധിപ്പിച്ചത്. കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 2031.50 രൂപയായി. 1926.50 രൂപയിൽനിന്നാണ് വർധന. അഞ്ച് കിലോ സിലിണ്ടറിന്റെ വില 27 രൂപയും കൂടി. 14 കിലോ വരുന്ന ഗാർഹിക സിലിണ്ടറിന്‍റെ വില 906.50 രൂപയായി തുടരും.
ആറുമാസത്തിനിടെ 19 കിലോ സിലിണ്ടറിന്‍റെ വിലയിൽ 294.50 രൂപയാണ് വർധിച്ചത്. ഫെബ്രുവരി ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില എണ്ണക്കമ്പനികൾ 91.50 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നിന് പ്രാബല്യത്തിൽ വരുന്ന തരത്തിൽ പാചകവാതക വില പുതുക്കാറുണ്ട്. ഫെബ്രുവരിക്ക് മുമ്പ് അഞ്ച് മാസത്തിനിടെ അഞ്ചു പ്രാവശ്യമാണ് വില കൂട്ടിയത്. ഹോട്ടലുകളും കാന്‍റീനുകളും ഉൾപ്പെടെ വാണിജ്യ സിലിണ്ടർ ഇന്ധനമായി ഉപയോഗിക്കുന്ന ഇടങ്ങളിലെല്ലാം ചെലവ് കൂടുമെന്നതിനാൽ വിലവർധനവിന് കാരണമാകും.
അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണ വില ബ്രന്‍റ് ഇനം ബാരലിന് 100 ഡോളറിൽതന്നെ നിൽക്കുന്നത് ഇന്ത്യയിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ ഇടയാക്കും. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് അറുതിയാകാതെ അസംസ്കൃത എണ്ണ വിലയിൽ കാര്യമായ കുറവുണ്ടാകാനിടയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മാർച്ച് ഏഴിന് ശേഷം ഇന്ധനവില വർധിപ്പിച്ചേക്കും. എൽ.പി.ജി, പെട്രോൾ, ഡീസൽ എന്നിവക്ക് പുറമെ സി.എൻ.ജി വിലയും കൂടുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ തള്ളിവിടുമെന്നാണ് ആശങ്ക.
കഴിഞ്ഞ വർഷം നവംബർ മുതൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. അസംസ്കൃത എണ്ണവിലയുമായി ഏകീകരിക്കാൻ പെട്രോൾ, ഡീസൽ എന്നിവക്ക് 10 ശതമാനവും പാചക വാതകത്തിന് 30 ശതമാനവും വില ഉയർത്തുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.