കാഞ്ഞങ്ങാട്: ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുമെന്ന് വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 40 വയസ്സുകഴിഞ്ഞ് വിവാഹിത ആയിട്ടില്ലെങ്കില്‍ അവരെ അനാവശ്യ വസ്തുവായി മാറ്റപ്പെടുന്ന സ്ഥിതിയുണ്ട്. വളരെയേറെ ദുരിതങ്ങളാണ് ഒറ്റക്കു കഴിയുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കും.
പൊതുബോധത്തില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള തെറ്റായ ചിന്താഗതികള്‍ക്കു മാറ്റമുണ്ടാകേണ്ടതുണ്ട്. ചെറുപ്രായത്തില്‍ തന്നെ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പ്രതിസന്ധികളെ തരണംചെയ്യാനുള്ള മാനസികാവസ്ഥ പെണ്‍കുട്ടികള്‍ക്ക് സ്വായത്തമാക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തണം.
പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അമ്പലങ്ങളിലും നടതള്ളുന്ന നീചമായ മനസ്സുള്ള മക്കള്‍ ഇന്നു കേരളീയ സമൂഹത്തിലുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കുമ്പോള്‍, കണക്കു പറയുന്ന മക്കളെ കാണാറുണ്ട്. ഇവരുടെ കണക്കുപറച്ചില്‍ സമൂഹത്തിനാകെ നാണക്കേടാണ്. അവിവാഹിതരും വിധവകളുമായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പെന്ഷന് അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ, വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്.
വിദ്യാസമ്പന്നമായ കുടുംബങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. ആരുടെയും ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത മേഖലകള്‍ കണ്ടെത്തിയാണ് വനിത കമീഷന് 11 പബ്ലിക് ഹിയറിങ്ങുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങളുള്ള ജില്ലയെന്ന പരിഗണനയിലാണ് ഈ വിഷയത്തില്‍ കാസർകോടു ജില്ലയിലെ കാഞ്ഞങ്ങാട് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചതെന്നും സതീദേവി പറഞ്ഞു.
വനിത കമീഷന് അംഗം അഡ്വ. ഇന്ദിര രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വനിത കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ല ജാഗ്രത സമിതി മെംബര്‍ എം. സുമതി, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് ട്രാന്‍സ് മെംബര്‍ സാജിദ്, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന് ജോയന്റ് സെക്രട്ടറി പി.വി. ശോഭന, വനിത കമീഷന് റിസര്‍ച്ച് ഓഫിസര്‍ എ.ആര്. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്: ‘നോക്കാന്‍ ആരുമില്ല.. ഇനിയെങ്ങനെ ജീവിക്കുമെന്നറിയില്ല’ ഒറ്റപ്പെട്ടു പോയ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് വനിതാ കമീഷന് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങില്‍ പടന്നക്കാട്ടുനിന്ന് എത്തിയ രുഗ്മിണി പറഞ്ഞു. രുഗ്മിണിയുടെ ആകാശംമുട്ടുന്ന ഏകാന്തത ഒറ്റവാക്കിൽ ഉതിർന്നു വീണപ്പോൾ അത് അവരുടെ മാത്രം പ്രശ്നമായിരുന്നില്ല. അവിടെയെത്തിയ എല്ലാവരുടെയും പ്രശ്നമായിരുന്നു. 15 വര്‍ഷമായി ഒറ്റപ്പെട്ട് ജീവിക്കുകയാണ് രുഗ്മിണി.
ക്വാര്‍ട്ടേഴ്സിലാണ് താമസം. വാടക നല്‍കാന്‍പോലും വകയില്ല. തന്റെ അവസ്ഥ വനിത കമീഷനെ അറിയിക്കാനാണ് വയ്യായ്മയിലും രുഗ്മിണിയെത്തിയത്. ആദ്യമായാണ് ഒറ്റപ്പെട്ടു പോയ വനിതകളുടെ പ്രശ്നങ്ങളിൽ വനിത കമീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടക്കമെന്ന നിലയിലാണ് കാസർകോട് ജില്ലയിൽ ആദ്യ ഹിയറിങ് സംഘടിപ്പിച്ചത്. ഏറെപ്പേരാണ് സങ്കടവുമായി എത്തിയത്. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ എത്തിയ മുഴുവൻ പേർക്കും ഇരിക്കാൻ ഇടമില്ലാതായി. ഇത്തരക്കാരനുഭവിക്കുന്ന പ്രശ്നങ്ങളുടെ യാഥാർഥ്യം ബോധ്യപ്പെടുത്തിയ സദസ്സായിരുന്നു.
വീടില്ലാത്ത പ്രശ്നങ്ങള്‍, വഴി സംബന്ധിച്ച പ്രശ്നങ്ങള്‍, പെന്ഷന്, സ്വയം തൊഴില്‍, അഗതികളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഹിയറിങ്ങില്‍ ചര്‍ച്ചയായി. സര്‍ക്കാറിന്റെ ബൃഹത് പദ്ധതികളെക്കുറിച്ചും സ്വന്തമായി തൊഴില്‍ തുടങ്ങാനുള്ള സംവിധാനത്തെക്കുറിച്ചും, ശരണ്യ പദ്ധതി, ആശ്വാസകിരണം തുടങ്ങിയ പദ്ധതികളെക്കുറിച്ചും ഹിയറിങ്ങില്‍ വിശദീകരിച്ചു. അവതരിപ്പിക്കപ്പെട്ട പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടാക്കി പരിഹാരത്തിനുള്ള ശിപാര്‍ശയോടെ സര്‍ക്കാരിനു നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.