തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് മലീമസമാകുന്നത് തടയുന്നതിന് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ. തോട് വൃത്തിയാക്കുന്നതിനിടയില്‍ ജോയിയെന്ന തൊഴിലാളിയുടെ മരണത്തില്‍ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയില്‍വേയാര്‍ഡിന് അടിയിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായത്.
ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ കുത്തൊഴുക്കാന്‍ ദുരന്തത്തിന് വഴിവച്ചതെന്നും റെയില്‍വേ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ പരിധിയില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് ആമഴിഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള കാരണം. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാകണം.
കുറ്റക്കാരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതലും കോര്‍പ്പറേഷന്‍ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത് ഒഴുക്കിന് ഒരു തടസവുമില്ല. പന്ത്രണ്ടു കിലോമീറ്ററോളം വരുന്ന ആമഴിഞ്ചാന്‍ തോട് കേരള സര്‍ക്കാരിന്റെ ജലസേചനവകുപ്പിന് കീഴിലുള്ളതാണ്.
കിഴക്ക് തമ്പാനൂരിനെയും പടിഞ്ഞാറ് പവര്‍ ഹൗസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ തോടിന്റെ 117 മീറ്റര്‍ മാത്രമാണ് റെയില്‍വേ യാര്‍ഡിന് താഴെ കടന്നുപോകുന്നത്. ജലസേചനവകുപ്പിന്റെ നിയന്ത്രണത്തിലാണെങ്കിലും തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് ആ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 19ന് തോട് ശുചിയാക്കുന്നതിന് റെയില്‍വേ മുന്‍കൈയെടുത്തത്.
സംഭവസമയത്ത് ജോയിയുടെ കരാര്‍ സൂപ്പര്‍വൈസറും ഒപ്പമുണ്ടായിരുന്നു. ജോയിയുടെ മൃതദേഹം മാലിന്യങ്ങള്‍ക്കൊപ്പം റെയില്‍വേ വളപ്പില്‍ നിന്ന് 750 മീറ്റര്‍ മാറി തകരപറമ്പ് ഭാഗത്താണ് കണ്ടെത്തിയത്. ഇത് ഈ ഭാഗത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
റെയില്‍വേയാര്‍ഡിന് കീഴിലൂടെ ഒഴുകുന്ന ആമഴിഞ്ചാന്‍ തോടിന്റെ ഭാഗത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാനകാരണം. യാര്‍ഡിന് അടിയിലൂടെ തോടിന്റെ വെറും 117 മീറ്റര്‍ മാത്രമാണ് ഒഴുകുന്നത്.
മാലിന്യം തടയുന്നതിനായി റെയില്‍വേയുടെ പ്രദേശത്തേക്ക് കടക്കുന്ന തോടിന്റെ ഭാഗത്ത് ഇരുമ്പ് വല റെയില്‍വേ തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇത് വലിയതോതില്‍ മാലിന്യം വന്നുകുമിയുന്നത് തടയുന്നുമുണ്ട്. റെയില്‍വേയുടെ ഭാഗത്തുള്ള തോടിന്റെ തുറന്ന വശത്ത് 13 മീറ്റര്‍ ഉയരമുള്ള ഇരുമ്പുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും കഴിയില്ല.
റെയില്‍വേയുടെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം റെയില്‍വേക്ക് തന്നെയുണ്ട്. യാത്രക്കാര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ സമയാസമയം റെയില്‍വേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തില്‍ റെയില്‍വേയുടെ മാലിന്യങ്ങള്‍ തോടില്‍ വന്നുചേരുന്നുമില്ല.
തോടിന്റെ ശുചീകരണത്തിന്റെയും ചെളിനീക്കലിന്റെയും പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ജലസേചനവകുപ്പിനാണെങ്കിലും റെയില്‍വേയാര്‍ഡിലെ വെള്ളക്കെട്ട് തടയുന്നതിനായി മുന്‍കാലങ്ങളിലും റെയില്‍വേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മാലിന്യം കുമിഞ്ഞുകൂടുന്നത് തടയുന്നതിനും റെയില്‍വേസ്‌റ്റേഷനും ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ട് തടയുന്നതിനും ജലസേചനവകുപ്പ് ഈ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്.
കോര്‍പ്പറേഷന്‍മേഖലകളിലൊക്കെ വേലികളും മാലിന്യം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കണം. ഇതിനെ പിന്തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് പിഴ ചുമത്താനുമുള്ള സംവിധാനവും സജ്ജമാക്കണം. തോടിനോട് ചേര്‍ന്ന് കൃത്യമായി വേലികെട്ടുന്നതും ഏറ്റവും മോശമോയ മേഖലകളില്‍ സി.സി.ടി.വി സംവിധാനം ഒരുക്കുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതിന് സഹായകരമാകും. ഖരമാലിന്യങ്ങള്‍ ശേഖരിക്കാന്‍ നഗരത്തില്‍ പ്രത്യേക സ്ഥലവും ഉണ്ടാകണമെന്നും റെയിൽവേ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.