തിരുവനന്തപുരം: എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് ശ്രേയാംസ്കുമാറിന് രാജിവെക്കാൻ അന്ത്യശാസനം നൽകി ജനറൽ സെക്രട്ടറിമാരായ ഷേക്ക് പി. ഹാരിസിെൻറയും വി. സുരേന്ദ്രൻപിള്ളയുടെയും നേതൃത്വത്തിലുള്ള വിമതർ പരസ്യമായി രംഗത്ത്. തിരുവനന്തപുരത്ത് സംസ്ഥാന നേതൃയോഗം വിളിച്ച ഇവർ നവംബർ 20നുള്ളിൽ ശ്രേയാംസ് പ്രസിഡൻറ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ശ്രേയാംസ് വിഭാഗവും 20ന് കോഴിക്കോട് സംസ്ഥാന ഭാരവാഹി യോഗം വിളിച്ചു. ഇരുവിഭാഗവും പ്രത്യേക യോഗങ്ങൾ വിളിച്ചതോടെ എൽ.ജെ.ഡി പിളരുമെന്ന് ഉറപ്പായി. ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിെൻറയും ഏക എം.എൽ.എ കെ.പി. മോഹനെൻറയും പിന്തുണ ഷേക്ക് പി. ഹാരിസും വി. സുരേന്ദ്രൻപിള്ളയും അവകാശപ്പെട്ടു. എന്നാൽ, ഇരുവരും ഒൗദ്യോഗിക പക്ഷത്തോടൊപ്പമാണ് നിലയുറപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചചെയ്യാൻ യോഗം േചരണമെന്ന് ആവശ്യപ്പെട്ടിട്ടും ശ്രേയാംസ് തയാറായില്ലെന്ന് ഷേക്ക് പി. ഹാരിസ് ആരോപിച്ചു. എൽ.ജെ.ഡിക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കാത്തതും ബോർഡ്, കോർപറേഷനുകളിൽ വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതും ചർച്ചചെയ്യാൻ തയാറായില്ല. ഇൗ സാഹചര്യത്തിൽ സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ സമാന്തര സംഘടനാ പ്രവർത്തനം നടത്തുകയും ഒൗദ്യോഗിക കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്യും. ഇതിനായി സുരേന്ദ്രൻപിള്ള ചെയർമാനും ഷേക്ക് പി. ഹാരിസ് ജനറൽ കൺവീനറുമായി 16 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ല പ്രസിഡൻറുമാരും ഇടുക്കിയിൽനിന്ന് ജില്ല വൈസ് പ്രസിഡൻറും യോഗത്തിൽ പെങ്കടുത്തെന്ന് ഷേക്ക് പി. ഹാരിസ് പറഞ്ഞു. കൊല്ലം, പത്തനംതിട്ട ജില്ല പ്രസിഡൻറുമാർ പിന്തുണ അറിയിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് കൂടിയായ കെ.പി. മോഹനനൻ എം.എൽ.എയും ഒപ്പമുണ്ടെന്ന് അവർ അവകാശപ്പെട്ടു. അതേസമയം എൽ.ജെ.ഡിയിലെ ഇരുവിഭാഗവും ജെ.ഡി (എസ്) സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.