കരിപ്പൂരിൽ നവീകരിച്ച എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ നവീകരിച്ച എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചു. ഇതോടെ, കരിപ്പൂരിലെ ഡിപ്പാർച്ചർ, ചെക്ക്-ഇൻ നടപടിക്രമം കൂടുതൽ സുഗമമാവും. അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്‍റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡൈനാമിക് സൈനേജ്, ഇ-ഗേറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കുന്ന രീതിയിലാണിത് സംവിധാനിച്ചിരിക്കുന്നത്.

ഇന്ത്യൻ പാസ്പോർട്ട്‌, വിദേശ പാസ്പോർട്ട്‌, ഇ-വിസ, വീൽചെയർ യാത്രക്കാർ, ക്യാബിൻ ക്രൂ, നയതന്ത്ര പ്രതിനിധികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളുണ്ടായിരിക്കും. എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൗണ്ടർ പുനഃക്രമീകരണം ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് സോഫ്റ്റ്‌വെയർ. പുതിയ സംവിധാനം വന്നതോടെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ അനുമതി നൽകിയാൽ മാത്രമേ ഗേറ്റ് തുറക്കാൻ സാധിക്കുകയുള്ളൂ. പരിശോധനകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഇ-ഗേറ്റും ഘടിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചക്ക് 1.45ന് ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രികരാണ് പുതിയ സംവിധാനം ആദ്യമായി പ്രയോജനപ്പെടുത്തിയത്. വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.എൻ.എസ് വിഭാഗം ജോയന്‍റ് ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. നന്ദകുമാർ, ഓപറേഷൻസ് വിഭാഗം ജോയന്‍റ് ജനറൽ മാനേജർ എസ്. സുന്ദർ, സിവിൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ ബിജു, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ പദ്മ, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സുനിത വർഗീസ്, എമിഗ്രേഷൻ വിഭാഗം എ.എഫ്.ആർ.ആർ.ഒ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - The renovated emigration area has started functioning at Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.