തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം അടുത്തവര്‍ഷം ഏപ്രിലോടെ സഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കലക്ടര്‍ ഹരിത വി. കുമാര്‍, പദ്ധതി സ്പെഷല്‍ ഓഫിസര്‍ എസ്. ഷാനവാസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാം തുരങ്കം ജനുവരിയോടെ തീര്‍ക്കാനാവുമെന്നാണ് കരുതുന്നത്.
അനുബന്ധ റോഡ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും ഏപ്രിലോടെ പൂര്‍ത്തിയാകും. നിലവില്‍ 22 പേരാണ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇവരെ വെച്ച് നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാനാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തൊഴിലാളികളുടെ എണ്ണം നാലിരട്ടി വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനും നിർദേശം നല്കി. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാൻ ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ രണ്ടാഴ്ച കഴിഞ്ഞ് യോഗം ചേരും. യോഗത്തില്‍ ജില്ല വികസന കമീഷണര്‍ അരുണ്‍ കെ. വിജയന്, അസി. കലക്ടർ സൂഫിയാന് അഹമ്മദ്, സിറ്റി പൊലീസ് കമീഷണര്‍ ആര്. ആദിത്യ, ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ സഞ്ജയ് കുമാര്‍ യാദവ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സി. എൻജിനീയർ സുജ സൂസന് മാത്യു, ഡി.എഫ്.ഒ എസ്. ജയശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.