തിരുവനന്തപുരം: െസർവർ സാങ്കേതിക തകരാറിനെതുടർന്ന് സംസ്ഥാനത്തെ റേഷൻകടകൾ ഏപ്രിൽ 27, 28 തീയതികളിൽ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. നിലവിലെ െസർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടുദിവസത്തെ സമയം ആവശ്യമാണെന്ന് നാഷനൽ ഇൻഫർമാറ്റിക്സ് സെന്‍റർ (എൻ.ഐ.സി) അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ചുവരെ നീട്ടി. മേയ് ആറുമുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. െസർവർ തകരാറിനെതുടർന്ന് തിങ്കളാഴ്ചമുതൽ റേഷൻ വിതരണം സ്തംഭിച്ചിരുന്നു. ഇ-പോസ് മെഷീനുകൾ ഇന്നലെയും പലയിടത്തും പ്രവർത്തിച്ചില്ല.
ഇതോടെ വൈകീട്ട് നാലുവരെ കടകൾ അടച്ചിടാൻ സർക്കാർ നിർദേശം നൽകി. തുടർന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്‍റെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും യോഗം ചേർന്നു. സംസ്ഥാനത്തെ റേഷൻ വിതരണം ഇടക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എൻ.ഐ.സിയെ അറിയിച്ചു.
ഹൈദരാബാദിലെ ആധാർ െസർവറുമായി ബന്ധപ്പെട്ട് ഡേറ്റ മൈഗ്രേഷൻ നടക്കുന്നതിനാലാണ് വിതരണം തടസ്സപ്പെടുന്നതെന്ന് എൻ.ഐ.സി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് 48 മണിക്കൂർകൂടി ആവശ്യപ്പെടുകയായിരുന്നു.
െസർവർ സാങ്കേതിക പ്രശ്നങ്ങളെതുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പുനഃക്രമീകരിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഏപ്രിൽ 29, മേയ് 2, 3 തീയതികളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏഴുവരെയും റേഷൻ കടകൾ പ്രവർത്തിക്കും. മേയ് നാലുമുതൽ സാധാരണ സമയക്രമമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.