തെക്കൻ ജില്ലകളിലും കാറ്റ് വലത്തോട്ടാണ്. മേഖലയിലെ ആറ് സീറ്റുകളിൽ തിരുവനന്തപുരത്ത് മാത്രം ത്രികോണ മത്സരമാണ്. അവിടെ മുൻതൂക്കം യു.ഡി.എഫിന്. കൊല്ലം, ആലപ്പുഴ സീറ്റുകൾ യു.ഡി.എഫ് ഉറപ്പിക്കുന്നു. യു.ഡി.എഫിനും എൽ.ഡി.എഫിനുമിടയിൽ ഒപ്പത്തിനൊപ്പം മത്സരം നടക്കുന്ന ആറ്റിങ്ങലിൽ ശക്തമായ സാന്നിധ്യമായി ബി.ജെ.പിയുണ്ട്.
പത്തനംതിട്ടയിൽ കടുത്ത മത്സരമെങ്കിലും യു.ഡി.എഫാണ് മുന്നിൽ. മുസ്ലിം വോട്ടുകൾ ഏകീകരിക്കപ്പെട്ടതും ഭരണവിരുദ്ധ വികാരവുമെല്ലാമാണ് യു.ഡി.എഫിന് മേൽക്കൈ നൽകുന്നത്. തിരുവനന്തപുരത്ത് മത്സരം ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ്. പന്ന്യൻ രവീന്ദ്രൻ തൊട്ടുപിന്നിലുണ്ട്. നാലാമൂഴം തേടുന്ന തരൂർ അത്ര സുസമ്മതനല്ല. മൂന്നുവട്ടം ജയിച്ച തരൂരിന് ജനങ്ങളുമായുള്ള അടുപ്പത്തിന് കാര്യമായ കുറവുണ്ട്.
വിശ്വപൗരനോടുള്ള ആരാധനയല്ല, നാലാമൂഴം തേടുന്ന സ്ഥാനാർഥിയോടുള്ള മടുപ്പാണ് പ്രകടം. വ്യവസായ പ്രമുഖനായ ടെക്കിയെന്ന പ്രതിച്ഛായയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്ലസ്. മുൻവർഷങ്ങളിൽ തരൂരിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ലഭിച്ച ടെക്കി, ന്യൂ ജെൻ വോട്ടുകളിലൊരുപങ്ക് രാജീവ് ചോർത്തും.
തരൂരിന് കിട്ടിക്കൊണ്ടിരുന്ന ക്രിസ്ത്യൻ നാടാർ, ലത്തീൻ സഭാവോട്ടിനും സംഘ്പരിവാർ കാര്യമായ ശ്രമം നടത്തുന്നു. ഇരുസമുദായ നേതൃത്വങ്ങളും തരൂരിന് അനുകൂലമാണ്. ഈ മേഖല കേന്ദ്രീകരിച്ച് രാജീവിന്റെ പ്രചാരണങ്ങളും കാസ പോലുള്ളവരുടെ ഇടപെടലുകളും ശക്തമാണ്. വോട്ടുകൾ എങ്ങോട്ടുമറിയുമെന്നത് കണ്ടറിയണം.
അതേസമയം, ബി.ജെ.പിക്കെതിരെ വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്ന നിലയിൽ തരൂരിന് അനുകൂലമായി മുസ്ലിം വോട്ടുകളുടെ ഏകീകരണമുണ്ട്. ഒപ്പം ബി.ജെ.പി വിരുദ്ധ വോട്ടുകൾ കൂടി തരൂരിലേക്ക് തിരിഞ്ഞാൽ കോൺഗ്രസ് കടമ്പ കടക്കും.
രണ്ട് വമ്പന്മാർക്കിടയിലെ സാധാരണക്കാരനായ പന്ന്യൻ രവീന്ദ്രന്റെ ശക്തിയും ദൗർബല്യവും അതുതന്നെ. ജനങ്ങളിലേക്കിറങ്ങുമ്പോൾ ഹൃദ്യമായ സ്വീകരണം അദ്ദേഹത്തിന് ലഭിക്കുമ്പോഴും ബി.ജെ.പിക്കെതിരെയുള്ള ജയസാധ്യതകളുടെ കണക്കുകൂട്ടലിൽ പന്ന്യന് കിട്ടേണ്ട വോട്ടുകൾ തരൂരിന് പോകും.
ആറ്റിങ്ങലിൽ വി. മുരളീധരൻ ശക്തമായ സാന്നിധ്യമാണെങ്കിലും സിറ്റിങ് എം.പി അടൂർ പ്രകാശ് വി. ജോയ് എന്നിവർ തമ്മിലാണ് മത്സരം. ഈഴവ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ സ്ഥാനാർഥികൾ മൂവരും അതേ സമുദായക്കാർ. ഈഴവ വോട്ടുകൾ മൂന്നുപേർക്കുമിടയിൽ വീതിച്ചുപോകുമെങ്കിലും സമുദായ പ്രമാണിയെന്ന നിലയിൽ അൽപം കൂടുതൽ വിഹിതം അടൂർ പ്രകാശിന് കിട്ടിയേക്കും.
സംസ്ഥാനത്തെ ട്രെൻഡ് അനുസരിച്ച് മുസ്ലിം വോട്ട് യു.ഡി.എഫിലേക്ക് ഏകീകരിക്കുന്നതും അദ്ദേഹത്തിന് അനുകൂലമാണ്. നേരത്തേ, കളത്തിലിറങ്ങി പ്രചാരണത്തിൽ നേടിയ മുൻതൂക്കമാണ് വി. ജോയിയുടെ പ്രതീക്ഷ.
കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രന്റെ പ്രഭാവത്തിന് ഇക്കുറിയും ഭീഷണിയില്ല. തുടർച്ചയായ മൂന്നാംമത്സരമെങ്കിലും പ്രേമചന്ദ്രനോട് എതിർവികാരമില്ല. മികച്ച പാർലമെന്റേറിയനെന്ന പ്രതിച്ഛായയാണ് ബലം. മണ്ഡലത്തിൽ എം. മുകേഷിന് കാര്യമായ വെല്ലുവിളി ഉയർത്താനായിട്ടില്ല. പ്രധാനമന്ത്രിക്കൊപ്പമുള്ള ഉച്ചഭക്ഷണം വിവാദമായെങ്കിലും മുസ്ലിം വോട്ടുകൾ ബഹുഭൂരിപക്ഷവും ഇക്കുറിയും പ്രേമചന്ദ്രന് തന്നെയാണ്.
19ലും തോറ്റപ്പോഴും കഴിഞ്ഞ തവണ ചുവപ്പുകൊടി പാറിയ ഇടമാണ് ആലപ്പുഴ. കെ.സി. വേണുഗോപാൽ വന്നതോടെ കഥ മാറി. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് കരയറിയ എ.എം. ആരിഫിനേക്കാൾ ആലപ്പുഴയിൽനിന്ന് നിയമസഭയിലേക്കും പാർലമെന്റിലേക്കും ജയിച്ചിട്ടുള്ള കെ.സി. വേണുഗോപാലിന് വ്യക്തമായ മുൻതൂക്കമുണ്ട്.
എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതൃത്വങ്ങളുമായി അടുപ്പമുള്ള വേണുഗോപാലിന് മുസ്ലിം വോട്ടുകൾ കൂടി ചേർന്നാൽ സമുദായ സമവാക്യങ്ങൾ അനുകൂലമാണ്. ‘കനലൊരു തരി’യെന്ന് വിശേഷിപ്പിക്കപ്പെട്ട ആരിഫിന് പാർലമെന്റിൽ കാര്യമായ ശോഭിക്കാനായില്ലെന്നതും കോൺഗ്രസിന് മത്സരം എളുപ്പമാക്കുന്നു. ശോഭാ സുരേന്ദ്രനിലൂടെ ബി.ജെ.പി വോട്ടുവിഹിതം വർധിക്കും.
മാവേലിക്കരയിൽ തുടർച്ചയായി മത്സരിക്കുന്ന കൊടിക്കുന്നിൽ സുരേഷിന് അതിന്റെ നെഗറ്റീവുണ്ട്. അതുമുന്നിൽ കണ്ട് എതിർപക്ഷം ഇറക്കിയ യുവനേതാവ് സി.എ. അരുൺകുമാറിന് മുൻതൂക്കം നേടാനായിട്ടില്ല. കെ.പി.എം.എസിന്റെ വോട്ടുകൾ കൊടിക്കുന്നിലിനാണ്.
എൻ.എസ്.എസ് നേതൃത്വമുൾപ്പെടെ വിപുലമായ ബന്ധങ്ങളുമാണ് കൊടിക്കുന്നിലിന്റെ ശക്തി. ക്രിസ്ത്യൻ വോട്ട് നിർണായകമായ പത്തനംതിട്ട അനിൽ ആന്റണി പിടിക്കുന്ന വോട്ടുകളാണ് നിർണായകം. പതിവ് മുഖം ആന്റോ ആന്റണിയോടുള്ള മടുപ്പ് മുൻ ധനമന്ത്രി തോമസ് ഐസക്കിന് നേട്ടമാകേണ്ടതാണ്.
പത്തനംതിട്ടയിൽ മത്സരിക്കാൻ ആഗ്രഹിച്ച പി.സി. ജോർജിന്റെ അപ്രീതിയും പിന്നാലെ ദല്ലാൾ നന്ദകുമാറിന്റെ അഴിമതി ആരോപണവും വന്നതോടെ അനിൽ ആന്റണിക്ക് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്ന് വന്നതോടെ ആന്റോ ആന്റണിക്കാണ് മേൽക്കൈ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.