തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍വരെ പ്രദേശം കരുതൽമേഖലയായി (ബഫർസോൺ) പ്രഖ്യാപിക്കുമ്പോള്‍ ജനവാസ മേഖലകള്‍ക്കും കൃഷിയിടങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും ഇളവനുവദിക്കാൻ തീരുമാനം. 2019ല്‍ ഇതുസംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ 'ജനസാന്ദ്രത കൂടിയ' മേഖലകള്‍ എന്നതിന് പകരം 'ജനവാസ മേഖല' എന്ന് തിരുത്തി വനംവകുപ്പ് ഉത്തരവിറക്കി. ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളാവും വനം വകുപ്പ് ഇനി കൈക്കൊള്ളുക.
2019ലെ ഉത്തരവ് നിലനിര്‍ത്തി അതിന് അനുബന്ധമായാണ് പുതിയ ഉത്തരവിറക്കിയത്. 2019ലെ ഉത്തരവ് പിന്‍വലിക്കാനാവില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് പിന്‍വലിച്ചാല്‍ 12 കിലോമീറ്റര്‍ വരെ കരുതൽ മേഖലയായി കണക്കാക്കണമെന്ന മുന്‍കാല ഉത്തരവിന് വീണ്ടും സാധുത കൈവരുമെന്നും സര്‍ക്കാറിന്റെ പുതിയ നിലപാടുകള്‍ക്ക് നിയമപരമായി പിടിച്ചുനില്‍ക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വനംവകുപ്പിന് ലഭിച്ച ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് പുതിയ ഉത്തരവ് ഇറക്കിയത്.
23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും കരുതൽ മേഖല നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കരട് നിർദേശങ്ങള്‍ സംസ്ഥാനം നേരത്തേ തയാറാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് കേന്ദ്രാനുമതി ലഭിച്ചത്. അവശേഷിക്കുന്നവ കേന്ദ്ര പരിഗണനയിലിരിക്കെയാണ് ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന് ജൂൺ മൂന്നിന് സുപ്രീംകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.