കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്ത് കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സേനയെ ചുമതലപ്പെടുത്തുന്നതിൽ എതിർപ്പില്ല. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. വെടിവെപ്പിന് കാരണമാകുന്ന സാഹചര്യങ്ങളുണ്ടെങ്കിലും നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥയുണ്ടാകാതിരിക്കാനാണ് അതിന് മുതിരാത്തത്. കോടതി നിർദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്നും അറിയിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാറുകൾ കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കാൻ നിർദേശിച്ച ജസ്റ്റിസ് അനു ശിവരാമൻ ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹരജികളാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സമരങ്ങളുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്നും ഒരാളെ റിമാൻഡ് ചെയ്തെന്നും അക്രമം നടത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് മറുപടിയായി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു.
ഹൈകോടതിക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെങ്കിലും പള്ളികളിൽ കൂട്ടമണിയടിച്ച് ആളുകളെ സംഘടിപ്പിച്ച് പുരോഹിതരടക്കമുള്ളവർ ആസൂത്രിത ആക്രമണമാണ് നടത്തിയതെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, സമരത്തിന് നേതൃത്വം നൽകിയവരെന്ന് സർക്കാർതന്നെ പറയുന്ന പുരോഹിതരടക്കമുള്ളവർ ഇപ്പോഴും സമരപ്പന്തലിലുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം.
പൊലീസ് നടപടികൾ തുടരുമ്പോഴും സമരക്കാർ സജീവമായി രംഗത്തുണ്ട്. ആശങ്കാജനകമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഒരു ഭാഗത്ത് പൊലീസും മറുഭാഗത്ത് സമരക്കാരും നിലയുറപ്പിക്കുന്നതിനിടെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. അനിശ്ചിതമായി നിർമാണം മുടങ്ങുന്നത് ഭീമമായ നഷ്ടമുണ്ടാക്കും. പ്രശ്നപരിഹാരത്തിന് സർക്കാർ ആത്മാർഥമായ ശ്രമമുണ്ടാകണം. കോടതി ഉത്തരവ് നടപ്പാക്കാനുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ല. സമരക്കാരെ നിയന്ത്രിക്കാൻ 144 പ്രഖ്യാപിക്കാൻ പോലും സർക്കാർ തയാറല്ല. സംസ്ഥാന സർക്കാർ നിസ്സഹായരാണെങ്കിൽ അടിയന്തരമായി കേന്ദ്ര സേനയുടെ സഹായം തേടുകയാണ് വേണ്ടതെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.