കോവിഡ് കാലത്ത് കേന്ദ്രം നൽകിയ പണം സംസ്ഥാന സർക്കാർ അടിച്ചുമാറ്റി -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ.കെ ശൈലജക്കെതിരെ കൊവിഡ് കാലത്ത് പി.പി.എ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ള പരാതിയിൽ ലോകായുക്ത അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം യു.പി.എ സർക്കാരിന്റെതിന് സമാനമായ രീതിയിലാണ് പിണറായി സർക്കാരും പ്രവർത്തിച്ചത്.

അഴിമതികൾ പുറത്തു വന്നത് രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ശൈലജക്കെതിരെ ഉയർന്ന ആരോപണം ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തിൽ ഇത്രയും കൂടുതൽ കോവിഡ് മരണങ്ങളുണ്ടാകാൻ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

കോവിഡ് കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സർക്കാർ ഒരു രൂപ പോലും ജനങ്ങൾക്ക് നൽകിയിട്ടില്ല. കോവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നത് പിണറായി സർക്കാരിന്റെ കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. അഴിമതിയുടെ കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - The state government stole the money given by the center during the covid period - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.