സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറും അട്ടപ്പാടിയിൽ അട്ടിമറിച്ചു

കോഴിക്കോട് : സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലറും അട്ടപ്പാടിയിൽ അട്ടിമറിച്ചെന്ന് ആക്ഷേപം. എസ്.സി -എസ്.ടി വിഭാഗങ്ങളുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കേണ്ടത് എങ്ങനെയെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവി, എ.ഡി.ജി.പി, ഐ.ജി, ജില്ല പൊലീസ് മേധാവി തുടങ്ങിയവർക്ക് 2014 ഡിസംബർ രണ്ടിനാണ് നിർദേശം നൽകിയത്. അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ പ്രശ്നങ്ങളിൽ ഈ സർക്കുലർ പാലിക്കാൻ പൊലീസ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം.

എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ചയോ അടുത്ത പ്രവർത്തി ദിവസമോ ജില്ല പൊലീസ് ഓഫീസുകളിൽ പെറ്റിഷൻ അദാലത്ത് നടത്തി പരാതികൾ ദ്രുതഗതിയിൽ പരഹരിക്കണമെന്നായിരുന്നു നിർദേശങ്ങളിലൊന്ന്. പരാതിയിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കണം. പരാതികളിൽ സ്വീകരിച്ച നടപടികൾ ഉൾക്കൊള്ളുന്ന സ്ഥിതിവിവര റിപ്പോർട്ട് അതാത് മാസങ്ങളിൽ അദാലത്തിനോടൊപ്പം നൽകണം.

ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ ഈ വിവരവും കേസിന്റെ നിലവിലെ അവസ്ഥ ഉൾപ്പെടെയുളളവ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചു. സർക്കുലറിലെ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി അട്ടപ്പാടിയിലെ ആദിവാസി ഭൂമി പിടിച്ചെടുക്കാൻ വ്യാജരേഖകളുമായി വരുന്നവർക്ക് ഷോളയൂർ പൊലീസ് സംരക്ഷണ നൽകിയെന്നാണ് ആദിവാസികളുടെ പരാതി.

കാലതാമസം ഒഴിവാക്കാൻ റിപ്പോർട്ടുകൾ ഐആപ് വഴി അയക്കണം. റിപ്പോർട്ടുകൾ മലയാളഭാഷയിൽ തന്നെ അയക്കണം. അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുന്ന പരാതികളിൽ മേലുളള റിപ്പോർട്ടിനോടൊപ്പം പരാതി കക്ഷിക്ക് നൽകിയ മറുപടിയുടെ പകർപ്പും പരാതി കക്ഷിയുടെയും എതിർകക്ഷികളുടെയും സാക്ഷികളുടെയും മൊഴികളുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഹെഡ്ക്വാട്ടേഴ്സിലേക്ക് അയക്കണം.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ കർശനമായും ഈ ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. പരാതികൾ ഓരോന്നും വളരെ സത്യസന്ധമായി പക്ഷാഭേദം ഇല്ലാതെയും അന്വേഷിക്കണം. നിയമസഭ സമിതി വഴി സമർപ്പിച്ച പരാതികളിൻമേൽ സമയം ബന്ധിതമായി റിപ്പോർട്ട് സർക്കാരിന് നേരിട്ട് നൽകുകയും പകർപ്പ് ഹെഡ് ക്വാട്ടേഴ്സിലേക്ക് അയക്കണമെന്നും നിർദേശിച്ചു.

റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദേശിക്കുന്ന സമയപരിധി കർശനമായും പാലിക്കണം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ സമയപരിധി പാലിക്കാൻ കഴിയാതെ വന്നാൽ ആ വിവരം പരാതിയുടെ അന്വേഷണ പുരോഗതി സഹിതം അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും അനുബന്ധ രേഖകളും ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തമായ അഭിപ്രായക്കുറിപ്പോട് കൂടി പൊലീസ് ഹെഡ് ക്വാട്ടേഴ്സിലേക്ക് അയക്കണം.

എസ്.സി-എസ്.ടി കമീഷൻ ഹിയറിങ്ങിലോ മറ്റു പ്രധാന യോഗത്തിലോ പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിലോ ഹാജരാകാൻ നിർദേശം ലഭിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ പരാതി, അന്വേഷണ റിപ്പോർട്ട്, അനുബന്ധ രേഖകൾ സഹിതം ഹാജരാകണം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഹാജരാകാൻ കഴിയാതെ വന്നാൽ, അതേ റാങ്കിലുളള മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ആ വിവരം ഹാജരാകാൻ കഴിയാത്ത കാരണം സഹിതം മടക്കതപാലിൽ അറിയിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കും.

പരാതിക്കാരന്റെയും എതിർകക്ഷികളുടെയും മൊഴിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെയും കക്ഷികളുടെയും തീയതിയോടു കുടിയ ഒപ്പ് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ഈ നിർദേശങ്ങളെല്ലാം അട്ടപ്പാടിയിലെ ആദിവാസികൾക്ക് വെള്ളത്തിലെ വരയായി.  

Tags:    
News Summary - The state police chief's circular was also overturned in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.