സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറി

തിരുവനനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായ 62.56 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് മന്ത്രി വീണ ജോര്‍ജ് കൈമാറി. ചടങ്ങില്‍ വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ റോസക്കുട്ടി ടീച്ചര്‍, മാനേജിങ് ഡയറക്ടര്‍ ബിന്ദു വിസി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടിവി അനിത, കോര്‍പ്പറേഷന്‍ ഫിനാന്‍സ് ഓഫീസര്‍ ഷാജി എകെ, അബിനാഥ് ജിഒ എന്നിവര്‍ പങ്കെടുത്തു.

മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായി ലാഭത്തിലെത്തിച്ച സ്ഥാപനമാണ് സംസ്ഥാന വനിത വികസന കോര്‍പറേഷനെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വനിതാ വികസന കോര്‍പറേഷന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5.5 കോടി രൂപയുടെ ലാഭമാണ് ലഭിച്ചത്. ഈ കാലയളവില്‍ വായ്പാ വിതരണ, തിരിച്ചടവ് പ്രവര്‍ത്തനങ്ങളില്‍ ചരിത്ര നേട്ടമാണ് വനിതാവികസന കോര്‍പ്പറേഷന്‍ കൈവരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 36,105 വനിത ഗുണഭോക്താക്കള്‍ക്കായി 339.98 കോടി രൂപയുടെ വായ്പാ വിതരണം നടത്താന്‍ കോര്‍പറേഷന് സാധിച്ചു. ഇതിലൂടെ സംസ്ഥാനത്തൊട്ടാകെ 44,602 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

പരമാവധി സ്ത്രീകള്‍ക്ക് സാമ്പത്തിക ശാക്തീകരണം നല്‍കി മുന്‍പന്തിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വനിത വികസന കോര്‍പറേഷന്‍ നടത്തി വരുന്നത്. വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിങ് ഏജന്‍സിയാണ്. രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിങ് ഏജന്‍സിയായി ദേശീയ തലത്തില്‍ അംഗീകാരവും ലഭിച്ചിരുന്നു. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരന്റി 845.56 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (സില്‍വര്‍)യിലേക്ക് ഉയര്‍ന്നു.

Tags:    
News Summary - The State Women's Development Corporation handed over the dividend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.