ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ പേരിൽ ചാതുര്‍വര്‍ണ്യത്തിൽ തളക്കാൻ ശ്രമിക്കുന്നു -കെ. സുധാകരൻ

ശിവഗിരി: 92-ാം ശിവഗിരി തീര്‍ത്ഥാടനം നടക്കുമ്പോള്‍ നാം എവിടെയെത്തിയെന്ന് തിരിഞ്ഞു നോക്കാൻ ഈ അവസരം ഉപയോഗിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി.

ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നിലനില്ക്കുകയല്ലേ? അവ നമ്മേ വരിഞ്ഞു മുറുക്കുകയല്ലേ? ഗുരുദേവന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ഗുരുദേവനെ തന്നെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ? ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞ് ചതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേ?​ -എന്ന് സ​ുധാകരൻ ചോദിച്ചു.

ഗുരുദേവനെ അങ്ങനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളനമാണ് ഇവിടെ നടക്കുന്നത്. നിരവധി യുവനേതാക്കള്‍ ഇവിടെ എന്നോടൊപ്പം വേദിയിലുണ്ട്. ശ്രീനാരായണ ഗുരു ദേവന്റെ ഊഷ്മളമായ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണമിക്കുന്നതായും സുധാകരൻ പറഞ്ഞു.

പ്രസംഗം പൂർണരൂപത്തിൽ

ശ്രീനാരായണ ഗുരുദേവന്റെ ചൈതന്യം തുളുമ്പിനില്ക്കുന്ന ശിവഗിരിയുടെ മണ്ണില്‍ ഒരിക്കല്‍ക്കൂടി വരുവാന്‍ സാധിച്ചതിലുള്ള ആഹ്ലാദവും അഭിമാനവും ആദ്യമേ പങ്കുവയ്ക്കട്ടെ. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ശിവഗിരി തീര്‍ത്ഥാടനവും മഹാസമ്മേളനവുമൊക്കെ കേരളീയ സമൂഹത്തിന് വലിയ ആത്മീയ സായുജ്യം പകരുന്നതാണ്.

കേരളത്തിന് ആത്മീയമായ ഉണര്‍വും ഉന്മേഷവും പകരുന്ന മാസങ്ങളാണ് ഡിസംബറും ജനുവരിയും. ശബരിമല തീര്‍ത്ഥാടനവും വ്രതകാലവും ഈ മാസങ്ങളിലാണ്. ക്രിസ്താനികളുടെ നോയമ്പ് കഴിഞ്ഞ് അവര്‍ ക്രിസ്മസ് ആഘോഷിച്ചു. തുടര്‍ന്നു വരുന്നത് ശിവഗിരി തീര്‍ത്ഥാടനമാണ്. ആത്മീയവും ശാരീരികവുമായ പുത്തന്‍ ഉണര്‍വോടെയാണ് നാമെല്ലാം പുതിയ വര്‍ഷത്തിലേക്ക് ഇന്നു കാല്‍കുത്തിയത്. എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളനമാണ് ഇവിടെ നടക്കുന്നത്. നിരവധി യുവനേതാക്കള്‍ ഇവിടെ എന്നോടൊപ്പം വേദിയിലുണ്ട്. ശ്രീനാരായണ ഗുരു ദേവന്റെ ഊഷ്മളമായ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണമിക്കുന്നു. ഒരു ചരിത്ര പ്രസിദ്ധമായ സ്ഥലത്താണ് നാം കൂടിയിരിക്കുന്നത്. ചരിത്രത്തെ കോള്‍മയിര്‍ കൊള്ളിച്ച നിരവധി സംഭവങ്ങളുടെയും പ്രഖ്യാനപങ്ങളുടെയും ഓര്‍മകള്‍ ഇവിടെ ഇരമ്പുന്നുണ്ട്. ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് എന്ന് ആലേഖനം ചെയ്തിട്ടുള്ള പുണ്യസ്ഥലത്താണ് നാം കൂടിയിരിക്കുന്നത്.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് വിപ്ലവകരായ ശബ്ദം ഉയര്‍ന്ന പ്രദേശമാണിത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മാറ്റൊലി ഇവിടെനിന്നാണ് ഉയര്‍ന്നത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം എന്നത് ലോകത്തിനുള്ള സന്ദേശമാണ്.

മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്നും നാം ഇവിടെ നിന്നു കേട്ടു. നൂറു വര്‍ഷം മുമ്പ് കേരളത്തെ മാത്രമല്ല, രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണിത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുമ്പോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങൡ അപൂര്‍വമായി സംഭവിക്കുന്ന അത്ഭുതമായി മാത്രമേ എനിക്ക് ഗുരുദേവനെ കാണാന്‍ കഴിയൂ.

ശ്രീ നാരായണ ഗുരുവിനെ കാണാന്‍ ഒരിക്കല്‍ രണ്ടു പുലയ യുവാക്കളെത്തിയ ഒരു കഥ പറയാം. ഗുരു അവരുടെ പേരു ചോദിച്ചു. ഒരുവന്‍ പറഞ്ഞു- എന്റെ പേര് പൂവന്‍, ഗുരു അവനോട് പറഞ്ഞു- പൂവനല്ല നിന്റെ പേര് ഭൂപന്‍. എന്നുവച്ചാല്‍ രാജാവ്. രണ്ടാമത്തെ യുവാവ് പറഞ്ഞു- തേവന്‍, ഗുരു അവനെ തിരുത്തി- തേവനല്ല, നീ ദേവനാണ്. നിങ്ങള്‍ രാജാവും ദേവനുമാണ്. നിങ്ങള്‍ അടിമകളല്ല. ഗുരുദേവന്‍ അവരെ വെറുതെ തിരുത്തുകയല്ല ചെയ്തത്. മറിച്ച് അവര്‍ക്ക് സ്വത്വബോധം നല്കുകയായിരുന്നു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വത്വബോധം നല്കിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവന്‍. എട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഏതാണ്ടൊരു ഭ്രാന്താലയം പോലെ ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മയും കൊടിയ ചൂഷണവും പട്ടിണിയുമൊക്കെയായി അവര്‍ണര്‍ ജീവിച്ച കാലത്താണ് 1856ല്‍ അദ്ദേഹം ജനിച്ചത്. അവര്‍ണരെന്നും സവര്‍ണരെന്നും ജനങ്ങളെ വേര്‍തിരിച്ച് നടുക്ക് മതില്‍ കെട്ടിയ കാലം. അവര്‍ണര്‍ക്ക് സ്വത്വബോധം നല്കിയാല്‍ മാത്രമേ അവരെ ഉണര്‍ത്താന്‍ കഴിയൂ എന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളുടെയും കുന്തമുന സ്വത്വബോധത്തെ ഉണര്‍ത്താനുള്ളതായിരുന്നു എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

1888 മാര്‍ച്ച് മാസത്തില്‍ ശിവരാത്രി നാളില്‍ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് അടിച്ചമര്‍ത്തിയവര്‍ക്ക് ഉയര്‍ത്തെഴുന്നേല്കാനുള്ള ആദ്യത്തെ കാഹളമായിരുന്നു. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠക്ക് ഉപയോഗിച്ചത്. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് സ്വത്വബോധം നല്കാന്‍ അദ്ദേഹം നടത്തിയ വിപ്ലവകരമായ നടപടിയായിരുന്നു അത്. ബ്രാഹ്‌മണനല്ലാത്ത ഒരാള്‍ക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് അദ്ദേഹം തെളിയിച്ചു. സവര്‍ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ നടത്തിയത്. ഈ പ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്ന സവര്‍ണരോട്, നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. മനോഹരമായ ശില്പമോ, പൂജാരിയോ, മന്ത്രങ്ങളോ, ആടയാഭരണങ്ങളോ ഒന്നുമില്ലാതെ ആര്‍ക്കും ദൈവത്തെ പൂജിക്കാമെന്ന മനോഹരമരായ സങ്കല്പമാണ് ഭൂമിയില്‍ പിറന്നത്. ചരിത്രത്തെ അടിമുടി മാറ്റിയ നടപടിയായിരുന്നു അത്.

ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിപ്ലവകരമായ നടപടി. ഇതും അധഃസ്ഥിതരുടെ മാത്രമല്ല, എല്ലാ മതങ്ങളിലും ജാതികളിലുമുള്ള അവശരുടെയും ബലഹീനരുടെയും സ്വത്വബോധത്തെ തട്ടിയുണര്‍ത്തി. ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിര്‍ണയം എന്നീ കൃതികളില്‍ അദ്ദേഹം തന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റാരും ഇങ്ങനെ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മഹാഗുരുവായി കരുതുന്നു.

ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുള്ള യുവജന സമ്മേളനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സാമൂഹ്യമാറ്റത്തിന്റെ ചാലക ശക്തിയായി യുവജനങ്ങളെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് ഗുരുവിന് ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് തന്നെയുണ്ടായിരുന്നു. ശിവഗിരി തീര്‍ത്ഥയാത്രയുടെ ഉദ്ദേശ്യങ്ങളായി എട്ടുകാര്യങ്ങളില്‍ ആദ്യത്തേതു തന്നെ വിദ്യാഭ്യാസമായിരുന്നു. ‘വിദ്യാഭ്യാസം ചെയ്തു അഭിവൃദ്ധിപ്പെടുക’ എന്ന ശ്രീനാരായണസന്ദേശം കേരളീയ സമൂഹത്തെ അഗാധമായി സ്വാധീനിച്ചു.

സാക്ഷരതയില്‍ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്കു ഇന്നും മാതൃകയാണ്. ഈ മുന്നേറ്റത്തിന് പുരോഗമനവീക്ഷണം പുലര്‍ത്തിയ തിരുവിതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാരും ക്രൈസ്തവമിഷണറിമാരും വഹിച്ച പങ്കിനൊപ്പം ഗുരുവിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുന്നു. അന്ധകാരത്തിലും അടിമത്വത്തിലും കഴിയുന്നവരെ സ്വതന്ത്രരാക്കണമെങ്കില്‍ അവര്‍ക്ക് അറിവു പകരുകയാണ് വേണ്ടത്. അദ്ദേഹം അവരോടു പറഞ്ഞു. ‘വിദ്യകൊണ്ട് സ്വതന്ത്രരാവുക' എന്ന്. ഒപ്പം ‘സംഘടന കൊണ്ടു ശക്തരാവുക’ എന്നും.

ഈഴവ സ്ത്രീപുരുഷന്മാരില്‍ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഇല്ലാത്തവര്‍ മേലാല്‍ ഉണ്ടായിരിക്കരുതെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ സമുദായം വകയായോ മറ്റോ പള്ളിക്കൂടങ്ങള്‍, വായനശാലകള്‍ മുതലായവ ഏര്‍പ്പെടുത്തുകയും മറ്റും ചെയ്യുന്നതില്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗുരു നിഷ്‌കര്‍ഷിച്ചു.

‘മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്' എന്ന ആഹ്വാനവും യുവജനങ്ങളെ ഉദ്ദേശിച്ചാണ്. കറുപ്പ്, കഞ്ചാവ് , പുകയില തുടങ്ങിയവയെല്ലാം മദ്യത്തിന്റെ ഗണത്തില്‍പ്പെടുന്നവയാകയാല്‍ ഇവയെല്ലാം ബുദ്ധി -മനോവ്യാപാരങ്ങളെ തകര്‍ക്കുന്നവയാണ്. മദ്യമുണ്ടാക്കുന്നവന്‍ ദുര്‍ഗന്ധമുള്ളവനായിരിക്കും. അതിനാല്‍ അവന്റെ വസ്ത്രവും ഭവനവും ദുര്‍ഗന്ധമുള്ളതായിരിക്കും. അവന്‍ തൊടുന്നതെല്ലാം നാറും. മദ്യപാനിയെ അവന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭാര്യയും മക്കളും ഈശ്വരന്‍ പോലും വെറുക്കുന്നു. അതിനാല്‍ ആരും മദ്യപിക്കരുതെന്നു ഗുരുദേവന്‍ കല്പിക്കുന്നു.

ഗുരുദേവനെന്ന മഹാസാഗരത്തില്‍നിന്ന് എന്റെ കൈക്കുമ്പിളില്‍ ഒതുങ്ങിയ ഏതാനും തുള്ളികള്‍ മാത്രമാണ് ഞാന്‍ ഇവിടെ പരാമാര്‍ശിച്ചുപോയത്. 92-ാം ശിവഗിരി തീര്‍ത്ഥാടനം നടക്കുമ്പോള്‍ നാം എവിടെയെത്തിയെന്ന് തിരിഞ്ഞു നോക്കാനും ഈ അവസരം ഉപയോഗിക്കണം.

ജാതിയും മതവും അതിന്റെ വേലിക്കെട്ടുകളുമൊക്കെ ഇപ്പോഴും നിലനില്ക്കുകയല്ലേ? അവ നമ്മേ വരിഞ്ഞു മുറുക്കുകയല്ലേ? ഗുരുദേവന്റെ ആദര്‍ശങ്ങളെ മാത്രമല്ല, ഗുരുദേവനെ തന്നെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ? ഒരുജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച വിശ്വപൗരനായ ശ്രീനാരായണ ഗുരുദേവനെ സനാതന ധര്‍മത്തിന്റെ പേരു പറഞ്ഞ് ചതുര്‍വര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേ? ഗുരുദേവനെ അങ്ങനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്ന് നമുക്ക് ഉറപ്പിച്ചു പറയാം. ഗുരുദേവന്റെ ഓര്‍മകള്‍ ഓളം വെട്ടി നില്ക്കുന്ന ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനവും ആഹ്ലാദവുമുണ്ട്. ഇതിന് അവസരം തന്ന സംഘാടകര്‍ക്ക് പ്രത്യേക നന്ദി പറയുന്നു.

Tags:    
News Summary - Sivagiri pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT