തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം സമയബന്ധിതമായി ലഭിക്കാതെ പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താൻ പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്താനുള്ള നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനുമായി മുഴുവൻ സ്കൂൾതലങ്ങളിലും നവംബർ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.
കേന്ദ്രവിഹിതം ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതിനാൽ പദ്ധതി തടസ്സം കൂടാതെ, മുന്നോട്ടുകൊണ്ടുപോകാനാണ് സമിതി രൂപവത്കരിക്കുന്നതെന്നാണ് സർക്കുലറിൽ പറയുന്നത്. എന്നാൽ, പദ്ധതിയിൽനിന്ന് പിന്മാറാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് സർക്കുലറെന്ന് ആക്ഷേപം ഉയർന്നു.
വാർഡ് മെംബർ/ കൗൺസിലർ രക്ഷാധികാരിയായി രൂപവത്കരിക്കുന്ന ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ കൺവീനർ പ്രഥമാധ്യാപകൻ ആയിരിക്കും. പി.ടി.എ പ്രസിഡന്റ്, സീനിയർ അധ്യാപകൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, മദർ പി.ടി.എ പ്രസിഡന്റ്, സ്കൂൾ മാനേജർ/ മാനേജറുടെ പ്രതിനിധി, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി എന്നിവർ അംഗങ്ങളും. പദ്ധതിക്കു ഫണ്ട് ലഭിക്കുന്നതിൽ തടസ്സമുണ്ടായാൽ മുന്നോട്ടുകൊണ്ടുപോകാനും പിന്തുണ ഉറപ്പാക്കാനുമുള്ള ചുമതല സമിതിക്കായിരിക്കും.
പ്രാദേശിക തലത്തിൽ അധിക വിഭവ സമാഹരണം നടത്തി പദ്ധതി മെച്ചപ്പെടുത്താനുള്ള ചുമതലയുമുണ്ടായിരിക്കും. രക്ഷാകർത്താക്കൾ, പൂർവ വിദ്യാർഥികൾ, പൗരപ്രമുഖർ എന്നിവരിൽനിന്ന് പലിശരഹിത സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാനുള്ള സാധ്യത ചർച്ച ചെയ്തു നടപടിയെടുക്കാം. ഇങ്ങനെ സ്വീകരിക്കുന്ന സഹായം ഫണ്ട് ലഭ്യമാകുന്ന മുറക്ക് തിരികെ നൽകണം. രക്ഷാകർതൃ, പൊതുസമൂഹത്തിന്റെ പിന്തുണയോടെയും സി.എസ്.ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയും പ്രഭാത ഭക്ഷണ പദ്ധതിയും നടപ്പാക്കാം.
സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സാമ്പത്തിക ചുമതല അധ്യാപകരുടെ ചുമലിൽ വരരുതെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണ് സർക്കുലറെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഉച്ചഭക്ഷണ ചുമതല പൂർണമായി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിഹിതം നൽകുന്നില്ലെന്ന ന്യായം പറഞ്ഞ് സാമ്പത്തിക ബാധ്യത ജനങ്ങളുടെ തലയിൽ വെക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.