പി.ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പി.ജി ഡോക്ട‍ര്‍മാര്‍ ഭാഗികമായി പിൻവലിച്ചു. ​ഒ.പി ബഹിഷ്‍കരണം തുടരുമെന്നറിയിച്ച ഡോക്ടർമാർ അത്യാഹിത വിഭാഗങ്ങളിൽ ജോലിക്ക് കയറുമെന്നും വ്യക്തമാക്കി. ഇന്ന് ​വൈകീട്ട് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ച‍ര്‍ച്ചയിലാണ് തീരുമാനം.

ആരോഗ്യ പ്രവ‍ര്‍ത്തക‍ര്‍ക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയിൽ നിന്നും ഉറപ്പ് കിട്ടിയതായി പി.ജി ഡോക്ട‍ര്‍മാര്‍ അറിയിച്ചു. മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിൽ മാത്രമേ ഹൗസ് സർജൻമാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. സുരക്ഷ ഒരുക്കും വരെ താലൂക്ക് ആശുപത്രികളിൽ ഹൗസ് സർജൻമാരെ ​നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കില്ല. ഡ്യൂട്ടി സമയം നിശ്ചയിച്ച് ഉത്തരവിറക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും വിദ്യാർഥികൾ. ഹൗസ് സർജൻമാരുടെ ജോലി നിർവഹിക്കാൻ ഹൗസ് സർജൻസ് മാനുവൽ ഉണ്ടാക്കും. ഇതിനായി ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറി രൂപീകരിക്കും. വീക്ക്‍ലി ഓഫ് കിട്ടുന്നില്ലെന്ന പരാതിക്കും പരിഹാരം കാണും.  ഈ സാഹചര്യത്തിലാണ് സമരം ഭാഗികമായി പിൻവലിക്കാൻ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സ‍ര്‍ജന്മാർ സമരം പിൻവലിക്കുന്നതിൽ തീരുമാനമായിട്ടില്ല. 

ചർച്ചയുടെ തീരുമാനങ്ങളിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി. പിജി വിദ്യാർഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്നും ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും  മന്ത്രി വീണ ജോര്‍ജ് വാർത്താ കുറിപ്പിൽ അറിയിച്ചു.

മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്.ഒ.പി പുറത്തിറക്കും. ഹൗസ് സര്‍ജന്‍മാരുടെ പ്രശ്‌നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും. വകുപ്പ് മേധാവികള്‍ വിദ്യാർഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

പി.ജി വിദ്യാർഥികള്‍ ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കും.

മുമ്പ് പിജി വിദ്യാർഥികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ച കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഹോസ്റ്റല്‍ സൗകര്യം അതാത് സ്ഥാപനങ്ങള്‍ പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്‌റ്റൈപെന്റ് വര്‍ധനയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ല. അതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. മെഡിക്കല്‍ കോളജുകളില്‍ പബ്ലിക് അഡ്രസ് സിസ്റ്റം നടപ്പിലാക്കും. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ്. രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം. വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാള്‍ മാത്രമേ പാടുള്ളൂ.

അത്യാഹിത വിഭാഗത്തില്‍ രണ്ട് പേര്‍ മാത്രം. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അലാറം സമ്പ്രദായം നടപ്പിലാക്കണം. ചീഫ് സെക്യൂരിറ്റി ഓഫീസറുടെ നമ്പര്‍ എല്ലാവര്‍ക്കും നല്‍കണം. മെഡിക്കല്‍ വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷ് സംവിധാനം എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, എല്ലാ മെഡിക്കല്‍ കോളജുകളിലേയും പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, പി.ജി വിദ്യാർഥികളുടേയും ഹൗസ് സര്‍ജമാരുടേയും സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - The strike of PG doctors was partially called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.