കെ റെയിൽ സർവേ തുടരാം, ഭൂ ഉടമകളുടെ ഹരജി സുപ്രീംകോടതി തള്ളി; സർവേയുടെ കാര്യത്തിൽ മുൻധാരണ എന്തിനെന്ന് കോടതി

ന്യൂഡൽഹി: കെ റെയിൽ സർവേ ചോദ്യം ചെയ്ത് ഭൂ ഉടമകൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. കെ റെയിലുമായി ബന്ധപ്പെട്ട സർവേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതിൽ മുൻധാരണ എന്തിനെന്നും കോടതി ചോദിച്ചു. സർവേ അനുമതി നൽകിയ ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്നും ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കെ റെയിൽ സർവേ റദ്ദാക്കണമെന്നും കല്ലുകൾ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകൾ നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഭൂനിയമപ്രകാരവും സർവേ ബോർഡ് ആക്ട് പ്രകാരവും സംസ്ഥാന സർക്കാറിന് സർവേ നടത്താൻ അധികാരമുണ്ടെന്നാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. ഈ ഉത്തരവിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

സർവേ പൂർത്തിയായ ശേഷം ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പരാതിയുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാറുമായി ഭൂ ഉടമകൾ സംസാരിക്കണം. ഇത്തരം പരാതികൾ ഉന്നയിക്കാൻ ഭൂ ഉടമകൾക്ക് അവകാശമുണ്ട്. പദ്ധതി സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ സർക്കാറിന്‍റെ മുമ്പിലാണ് ഉന്നയിക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കെ റെയിലുമായി ബന്ധപ്പെട്ട ഹരജി ഹൈകോടതി സിംഗ്ൾ ബെഞ്ച് മുമ്പാകെയാണ് ആദ്യം എത്തുന്നത്. ഭൂമിയിൽ കെ റെയിൽ എന്ന രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യം ചെയ്ത് ഭൂ ഉടമകളക്കം 13 പേരാണ് ഹരജികൾ സമർപ്പിച്ചത്. ഹരജിക്കാരുടെ ഭൂമിയിൽ കെ റെയിൽ എന്ന രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് ഉത്തരവിട്ടു.

സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ ഹരജി സമർപ്പിച്ചു. ഹരജി പരഗണിച്ച ഡിവിഷൻ ബെഞ്ച് സിംഗ്ൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - The Supreme Court dismissed the petition against the K Rail Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.