വിജയ് ബാബുവിനെതിരായ ഹരജി സുപ്രീംകോടതി തള്ളി, ജാമ്യവ്യവസ്ഥയിൽ കൂടുതൽ നിബന്ധനകൾ

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. ഹൈകോടതി സിംഗിൾ ബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ ഹരജിയാണ് കോടതി തള്ളിയത്. കേരള ഹൈകോടതി വിധിയിൽ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യവ്യവസ്ഥയിൽ കൂടുതൽ നിബന്ധനകൾ സുപ്രീംകോടതി ഉൾപ്പെടുത്തി. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകുന്നതിനും കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനും വിലക്കുണ്ട്. അതിജീവിതയെ അധിക്ഷേപിക്കാൻ പാടില്ല. തെളിവ് നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനോ ശ്രമിക്കരുത്. കൂടാതെ, ജൂൺ 27 മുതൽ ജൂലൈ മൂന്നു വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളുവെന്ന ഹൈകോടതി ജാമ്യവ്യവസ്ഥയിലും കോടതി മാറ്റം വരുത്തി.

ഹൈകോടതി ഉത്തരവിനെതിരെ നൽകിയ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്​ ചൊവ്വാഴ്ച സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ ബുധനാഴ്ച തന്നെ സുപ്രീംകോടതി പരിഗണിച്ചത്​.

കഴിഞ്ഞ മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന്​ കാണിച്ച്​ ഏപ്രിൽ 17ന്​ യുവ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നുവെന്നും കേസിന്‍റെ വിവരം അറിഞ്ഞ വിജയ് ബാബു ദുബൈയിലേക്കു ഒളിവിൽ പോയെന്നും സർക്കാർ ഹരജിയിലുണ്ട്​.

ദുബൈയിൽ നിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈകോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് സർക്കാറിന്‍റെ വാദം.

Tags:    
News Summary - The Supreme Court rejected the plea against Vijay Babu and modified the bail conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.