തിരുവനന്തപുരം: നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരിനിടെ 4000 കോടിയിലേറെ രൂപയുടെ അധിക നികുതിഭാരം ജനത്തിന് മുകളിലായി. അധിക നികുതി ചുമത്താൻ കൊണ്ടുവന്ന ധനകാര്യ ബില്ലിൽ സഭയിൽ ചർച്ചയേ ഉണ്ടായില്ല. ബില്ലിലെ വ്യവസ്ഥകളുടെ ആഘാതം സഭയിൽ ഉയരുകയോ സർക്കാറിന് മറുപടി പറയേണ്ടിവരികയോ ചെയ്തില്ല. ഏപ്രിൽ ഒന്നുമുതൽ നികുതി വർധനകളും സെസും നിലവിൽവരും. ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ ഇന്ധന നികുതിയിൽ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. സഭാ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ സത്യഗ്രഹം തുടങ്ങി. ഫെബ്രുവരി ഒമ്പതിന് സഭ താൽക്കാലികമായി പിരിഞ്ഞതോടെ പ്രതിഷേധം സഭക്ക് പുറത്ത് പടർന്നു. വഴിതടയലും കരിങ്കൊടിയൊക്കെയായി വിഷയം സജീവമായി. എന്നാൽ, വീണ്ടും സഭ തുടങ്ങിയപ്പോൾ തികച്ചും വ്യത്യസ്ത വിഷയങ്ങളാണ് മുഖ്യചർച്ചയായി മാറിയത്. ഇതോടെ ബജറ്റിൽ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ കാര്യമായ ചർച്ച ഉണ്ടായില്ല.
മിക്ക ദിവസവും ധനാഭ്യർഥന ചർച്ചയില്ലാതെ പാസാക്കി. ആദ്യത്തെ ഏതാനും ദിവസം മാത്രമാണ് ചർച്ചകൾ നടന്നത്. ബജറ്റിന്റെ പൊതു ചർച്ചയിൽ ഇന്ധനത്തിന് ലിറ്ററിന് രണ്ടുരൂപ വീതം സെസ് ചുമത്തുന്നതിൽപോലും വിട്ടുവീഴ്ചക്ക് സർക്കാർ തയാറായില്ല. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും ചർച്ച നടക്കാഞ്ഞതോടെ സർക്കാറിന് മേൽ ഇക്കാര്യത്തിൽ പിന്നീട് സമ്മർദം ഇല്ലാതായി. മാത്രമല്ല ജനങ്ങൾക്ക് കനത്ത നികുതി ഭാരം വരുന്ന വ്യവസ്ഥകൾ അന്തിമ ഘട്ടത്തിൽ കാര്യമായ ചർച്ചയായതുമില്ല. അതേസമയം ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത ഭിന്നത വന്നതോടെ സഭ മുമ്പില്ലാത്ത സമരമുറകൾക്കാണ് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയെ ഉന്നംവെച്ച് പ്രതിപക്ഷം നീങ്ങി. മുഖ്യമന്ത്രി വീട്ടിൽതന്നെ ഇരിക്കണമെന്നാണ് പറയുന്നതെന്നും പഴയ വിജയനായിരുന്നെങ്കിൽ താൻ പണ്ടേ മറുപടി പറയുമായിരുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് തങ്ങൾക്ക് പഴയ വിജയനെയും പുതിയ വിജയനെയും ഭയമില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. ആദ്യം അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചെങ്കിൽ പിന്നീട് കൂട്ടത്തോടെ നിഷേധിച്ചതോടെ സഭ സംഘർഷത്തിലായി. സമാന്തര സഭ ചേർന്നും സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചും പ്രതിപക്ഷം നിലപാട് കടുപ്പിച്ചപ്പോൾ സംഘർഷത്തിന്റെ പേരിൽ പത്ത് വർഷം ശിക്ഷ കിട്ടാവുന്ന കടുത്ത വകുപ്പുകളുള്ള കേസുകൾ എടുത്ത് സർക്കാർ തിരിച്ചടിച്ചു.
പ്രതിപക്ഷ ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല. പ്രതിപക്ഷമാകട്ടെ സർക്കാറിന് വഴങ്ങിയതുമില്ല. ഈ ഏറ്റുമുട്ടലിനിടെ നികുതി വർധനകളെല്ലാം ഏപ്രിൽ ഒന്നിന് നടപ്പാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.