നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച ഹൈകോടതി മുൻ ഗവ. പ്ലീഡർ കീഴടങ്ങി

പുത്തൻകുരിശ്: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനു ഒളിവിലായിരുന്നു. പി.ജി. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയും ഹൈകോടതിയും നേരത്തെ തള്ളിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്. പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. യുവതിയെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് ഇയാൾ അഭ്യർഥിച്ചു. ഇതിന്‍റെ ശബ്ദരേഖയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ഡോക്ടറുടെ ഭാഗത്തു നിന്നും അപമാനമുണ്ടായി.

മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു. ബലം പ്രയോഗിച്ചെടുത്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഹൈകോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ പദവിയിൽ നിന്ന് പി.ജി. മനുവിനെ പുറത്താക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചോറ്റാനിക്കര പൊലീസ് ചുമത്തിയിട്ടുണ്ട്. ഇരയായ യുവതിയെ കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നിൽ നിന്നുണ്ടായിട്ടില്ലെന്നുമാണ് മനുവിന്‍റെ വാദം. കേസ്​ തൊഴിൽ മേഖലയിലെ ശത്രുക്കൾ കെട്ടിച്ചമച്ചതാണെന്നും മനു പറയുന്നു.

Tags:    
News Summary - The tortured the young woman who sought legal help, former high court Govt. The pleader surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT