ഏകീകൃത കുർബാന നടപ്പാക്കിയില്ലെങ്കിൽ നടപടിയെന്ന് വത്തിക്കാൻ പ്രതിനിധി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവൻ പള്ളികളിലും ഏകീകൃത കുർബാന നടപ്പാക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ് മാർ സിറിൽ വാസിൽ സർക്കുലർ ഇറക്കി. അതിരൂപതയിലെ വൈദികർക്കാണ് മാർപാപ്പയുടെ പ്രതിനിധി കത്തയച്ചത്. ശാരീരിക അക്രമങ്ങളോ കായിക ഇടപെടലുകളോ സംഘർഷാവസ്ഥകളോ ഉണ്ടായാൽ മാത്രം താൽക്കാലികമായി കുർബാന അർപ്പണം നടത്തേണ്ടതില്ലെന്നും സിറിൽ വാസിൽ പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു. ഇതിനിടെ, മാർ സിറിൽ വാസിലിനെതിരെ അൽമായ മുന്നേറ്റം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ 2022 മാർച്ചിലെ കത്ത് കുർബാന അർപ്പിക്കുന്ന പള്ളികളിലും മതകാര്യാലയങ്ങളിലുമെല്ലാം ഞായറാഴ്ച വായിക്കണമെന്നും ഈ ഉത്തരവുകൾ പാലിച്ചതിന് ശേഷം പാരായണം നടത്തിയെന്ന് ഉറപ്പാക്കുന്ന കത്ത് അതിരൂപതയുടെ ചാൻസലർക്ക് അയക്കണമെന്നും നിർദേശമുണ്ട്. എറണാകുളം ബസിലിക്കയിൽ പ്രാർഥിക്കാനെത്തിയ വത്തിക്കാൻ പ്രതിനിധിയെ വിശ്വാസികളുടെ നേതൃത്വത്തിൽ തടഞ്ഞത് സംഘർഷത്തിനും ഇടയാക്കിയിരുന്നു. വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിന് ജെമി ആഗസ്റ്റിൻ, കെ.എം. ജോൺ, തങ്കച്ചൻ പേരയിൽ, നിമ്മി ആന്‍റണി, ജോസഫ് ആന്‍റണി, റോക്കി തോട്ടുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

സിറിൽ വാസിലിനെതിരെ രാഷ്ട്രപതിക്കുൾെപ്പടെ പരാതി

കൊച്ചി: മാർ സിറിൽ വാസിലിന്‍റെ നയതന്ത്ര പരിരക്ഷ സംബന്ധിച്ച് കൃത്യമായി വിവരം ലഭ്യമാക്കണമെന്നും ആവശ്യമായ രേഖകൾ ഇല്ലെങ്കിൽ ഇന്ത്യൻ നിയമം അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് അൽമായ മുന്നേറ്റം പരാതി നൽകി. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ഗവർണർ, പൊലീസ് മേധാവി എന്നിവർക്കാണ് ഇ-മെയിൽ മുഖേന പരാതി സമർപ്പിച്ചത്.

മാർ സിറിൽ വാസിൽ യഥാർഥത്തിൽ വത്തിക്കാൻ പ്രതിനിധിയാണോയെന്ന് സംശയമുള്ളതിനാലും നിയമന ഉത്തരവ് പുറത്തുവിടാത്തതിനാലും വത്തിക്കാൻ ഓൺലൈനിൽ പ്രസിദ്ധീകരിക്കാത്തതിനാലുമാണ് പരാതിയെന്ന് അൽമായർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The Vatican representative said action will be taken if the unified Kurbana is not implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.