കൽപ്പറ്റ: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ജെ.ആര്‍.പി നേതാവ് സി.കെ ജാനുവിന്‍റെയും ബി.ജെ.പി വയനാട് ജില്ലാ ജന. സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും ശബ്ദം പരിശോധിക്കും. നവംബർ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന. ഇരുവരും ഹാജരായി ശബ്ദ സാമ്പിളുകൾ നൽകണം. വയനാട് ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സി. കെ ജാനുവിന് കെ.സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് പരിശോധന. ജാനുവിന് തിരുവനന്തപുരത്ത് വെച്ച് കെ. സുരേന്ദ്രൻ 10 ലക്ഷവും സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ വെച്ച് ബി.ജെ.പി ജില്ല ഭാരവാഹികൾ വഴി 25 ലക്ഷവും കൈമാറിയെന്ന് ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു.
പണം കൈമാറ്റം സംബന്ധിച്ച ഫോൺ സംഭാഷണവും ഇവർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സി.കെ ജാനുവും പ്രശാന്ത് മലവയലും തമ്മിലുള്ള ഫോൺ സംഭാഷണവും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഈ സംഭാഷണങ്ങളുടെ ആധികാരികത തെളിയിക്കാനാണ് ശബ്ദ സാമ്പിള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെയും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും സി.കെ ജാനു രണ്ടാം പ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.