മലപ്പുറം: ഫലസ്തീൻ ജനതക്കുവേണ്ടി ലോകം ഒന്നാകെ തെരുവിലേക്ക് ഇറങ്ങണമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ. ‘സയണിസ്റ്റ് -ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ യുവജന പ്രതിരോധം പരിപാടിയിൽ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ രാഷ്ട്രാന്തരീയ തലങ്ങളിൽ പ്രതിഷേധ അലയൊലികൾ ഉയരണം. ഫലസ്തീൻ സമൂഹത്തിനുമേലുള്ള സയണിസ്റ്റ് അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നത് അവരാണ്. രണ്ടാമതായി ഗസ്സയിലെ സഹോദരങ്ങൾക്ക് നിങ്ങളുടെ അകമഴിഞ്ഞ മാനുഷിക പിന്തുണയും സാമ്പത്തിക സഹായവും അനിവാര്യമാണ്. സമൂഹ മാധ്യമങ്ങളും മറ്റും ഉപയോഗിച്ച് ഇസ്രായേൽ നടത്തുന്ന നുണകളെ പൊളിക്കുകയും ഫലസ്തീൻ പോരാട്ടങ്ങളെ പിന്തുണക്കുകയും ചെയ്യണം.
1967 മുതൽ മസ്ജിദുൽ അഖ്സ തകർച്ചയുടെ വക്കിലാണ്. നെതന്യാഹുവിന്റെ തണലിൽ തീവ്ര വലതുപക്ഷ കക്ഷികൾ അടക്കമുള്ള ഭരണകൂടം ഇസ്രായേലിൽ വന്നതുമുതൽ അഖ്സയെ തകർക്കാൻ തക്കംപാർക്കുകയാണ്. അഖ്സ നമ്മുടെ അഭിമാനമാണ്. പ്രവാചകൻ മുഹമ്മദ് നബി ആകാശ ലോകത്തേക്ക് മിഅ്റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാർ കഴിഞ്ഞ ഒക്ടോബർ ഏഴുമുതൽ അഖ്സക്കു വേണ്ടി പോരാടുകയാണ്. അവർ അതിനെ വിളിച്ചത് ‘തൂഫാനുൽ അഖ്സ’ എന്നാണ്.
സൈനികമായി പരാജയപ്പെട്ട ഇസ്രായേൽ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊന്ന് പക തീർക്കുകയാണ്. 8000ത്തോളം ആളുകൾ രക്തസാക്ഷികളായി. അവരിൽ പകുതിയും പിഞ്ചുമക്കളാണ്. സയണിസത്തിനെതിരായ ഈ ശക്തമായ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഇസ്രായേൽ എന്ന പൈശാചിക ശക്തിയെ ശക്തിപ്പെടുത്താൻ അമേരിക്കയും മറ്റുചില പടിഞ്ഞാറൻ രാജ്യങ്ങളും സഖ്യങ്ങളായിരിക്കുന്നു. അധിനിവേശത്തിൽനിന്നും കുടിയേറ്റങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും വിമോചിതരായി ജീവിക്കാനാണ് ഫലസ്തീൻ സമൂഹം ആഗ്രഹിക്കുന്നത്. ദൈവം അഖ്സയുടെ കൂടെ ഉണ്ടാവട്ടെ. ഫലസ്തീൻ ചെറുത്തുനിൽപിന് ലോകപിന്തുണയെയും ദൈവം ശക്തിപ്പെടുത്തട്ടെ -മിശ്അൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.